
മനാമ: ബഹ്റൈനില്‍ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വിദേശികളെ നിയമിക്കുന്നത് പരിമിതപ്പെടുത്താന്‍ നിയമം കൊണ്ടുവരാനുള്ള ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്കി.
സിവില്‍ സര്‍വീസ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 11 ഭേദഗതി ചെയ്യാനുള്ള ബില്ലാണിത്. ഇതനുസരിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആവശ്യത്തിന് ബഹ്റൈനികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മാത്രമേ വിദേശികളെ നിയമിക്കാവൂ. ഇങ്ങനെ നിയമിക്കുന്ന വിദേശികള്‍ക്ക് കുറഞ്ഞത് ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യമായ മറ്റു വിദ്യാഭ്യാസ യോഗ്യതയും പത്തു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും വേണം.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമിക്കുന്ന വിദേശികളുടെ കരാര്‍ കാലാവധി രണ്ടു വര്‍ഷമായി പരിമിതപ്പെടുത്തും. അതു കഴിഞ്ഞാല്‍ വീണ്ടും രണ്ടു വര്‍ഷത്തേക്ക് മാത്രമേ കരാറുണ്ടാക്കാന്‍ പറ്റൂ. ഈ തസ്തികയിലേക്ക് ബഹ്റൈനി ഉദ്യോഗാര്‍ത്ഥി ഇല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ മാത്രമേ കരാര്‍ പുതുക്കാവൂ.
വിദേശ തൊഴിലാളിയുടെ കരാര്‍ കാലയളവില്‍ ഒരു ബഹ്റൈനിക്ക് പരിശീലനം നല്‍കണമെന്ന വ്യവസ്ഥയുമുണ്ട്. ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചതിനെ തുടര്‍ന്ന് ശൂറ കൗണ്‍സിലിന്റെ പരിഗണനയ്ക്കയച്ചു.


