
ദില്ലി: അമേരിക്കൻ ഡോളറിനെതിരെ ചരിത്രത്തിലാദ്യമായി ഇന്ത്യൻ രൂപയുടെ മൂല്യം 90 കടന്നു. ഇന്ന് വ്യപാരം ആരംഭിച്ചപ്പോൾ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഇടിഞ്ഞ് 90.05 എന്ന റെക്കോർഡ് താഴ്ന്ന നിലയിലെത്തി. അമേരിക്കയുമായുള്ള വ്യാപാര കരാറിൽ ഇതുവരെ തീരുമാനമൊന്നും ഉണ്ടാകാത്തത് രൂപയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ഡോളറിനെതിരെ 89.91 ൽ വ്യാപാരം ആരംഭിച്ച രൂപ ഉടനെതന്നെ 90.05 എന്ന താഴ്ന്ന നിലയിലെത്തി,
എന്തുകൊണ്ട് രൂപ തകരുന്നു
വിദേശ നിക്ഷേപകരുടെ പിൻവലിയൽ, ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വം എന്നിവ രൂപയെ തകർക്കാൻ കാരണമായിട്ടുണ്ട്. മാത്രമല്ല, ലോഹങ്ങളുടെ വില കുത്തനെ ഉയർന്നത് ഇന്ത്യയ്ക്ക് ഇറക്കുമതികളിൽ വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ആർബിഐ മൗനം പാലിക്കുന്നതും രൂപയുടെ വേഗത്തിലുള്ള മൂല്യത്തകർച്ചയ്ക്ക് കാരണമായതായി വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.
വെള്ളിയാഴ്ച, ആർബിഐ നയ പ്രഖ്യാപനം പുറത്തുവരുന്നതോടെ രൂപയുടെ തകർച്ച തടയാൻ കേന്ദ്ര ബാങ്ക് ഇടപെടുമോ എന്ന കാര്യത്തിൽ വിപണികൾക്ക് വ്യക്തത ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമാകുമ്പോൾ രൂപയുടെ മൂല്യത്തകർച്ച അവസാനിക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ.
രൂപയുടെ മൂല്യം 85 ൽ നിന്ന് 90 ലേക്ക് എത്താൻ കേവലം ഒരു വർഷത്തിൽ താഴെ സമയമാണ് എടുത്തത്. ഇത് വ്യക്തമാക്കുന്നത്, ഇന്ത്യയുടെ വിദേശ അക്കൗണ്ടുകളിൽ വർദ്ധിച്ചുവരുന്ന സമ്മർദ്ദത്തെയാണ്. ഈ വർഷം വിദേശ നിക്ഷേപകർ ഏകദേശം 17 ബില്യൺ ഡോളറിന്റെ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ചുവെന്നാണ് കണക്കുകൾ. അതേസമയം, വിദേശ നേരിട്ടുള്ള നിക്ഷേപം ദുർബലമായിട്ടുണ്ട്,
അതേസമയം, ഇന്നും ഓഹരി സൂചികകൾ കുത്തനെ ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്സ് 165.35 പോയിന്റ് ഇടിഞ്ഞ് 84,972.92 എന്ന നിലയിലും എൻഎസ്ഇ നിഫ്റ്റി 77.85 പോയിന്റ് ഇടിഞ്ഞ് 25,954.35 എന്ന നിലയിലും വ്യാപാരം ആരംഭിച്ചു.


