
ജിഹാദ് എന്ന വാക്കിന്റെ അർഥം സമരനിരതമായിട്ടുള്ള ജീവിതം എന്നാണെന്ന് ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യർ. ഖുറാൻ അകം പൊരുൾ-മാനവികാഖ്യാനം 9-ാം വോള്യത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. ജിഹാദ് എന്ന വാക്ക് ലോകമെമ്പാടും പല സന്ദർഭങ്ങളിൽ ഉപയോഗിച്ച് കേൾക്കാറുണ്ട്. അറബിക് ഭാഷയിൽ ഈ വാക്കിന്റെ യഥാർഥ അർഥം എന്താണ്. ഖുറാനിൽ ജിഹാദ് എന്ന വാക്ക് 41 ഇടങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. ഈ വാക്കിന്റെ ശരിയായ അർഥവും ഉപയോഗവും പൊരുളും ഈ പുസ്തകം വായിച്ചപ്പോഴാണ് മനസ്സിലായതെന്നും അവർ പറഞ്ഞു.
ജിഹാദ് എന്ന വാക്കിന്റെ അർഥം നിരന്തരമായ പരിശ്രമം, യാതന എന്നുള്ളതാണ്. അന്യനെ നശിപ്പിക്കുക, തീവ്രപക്ഷത്തേക്ക് ചേരുക എന്നുള്ളതല്ല ജിഹാദ് എന്ന വാക്കിനർഥം. ബദർ യുദ്ധം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ പ്രവാചകൻ തന്റെ അനുയായികളോട് പറയുമ്പോഴാണ് ജിഹാദ് എന്ന പദം ഉപയോഗിച്ചത്. ബദർ യുദ്ധത്തിന് ശേഷം സ്വന്തം ഇച്ഛകളോടും ദേഹത്തോടുമാണ് നമ്മുടെ യുദ്ധമെന്ന് പ്രവാചകൻ അനുയായികളോട് പറയുന്നു. നന്മയിൽ നിന്ന് തടയുന്ന ദുരാഗ്രങ്ങളോടാണ് ഇനി യുദ്ധമെന്നാണ് പറയുന്നത്. അനുദിനം നമ്മോട് തന്നെ പൊരുതുന്ന ആ പോരാട്ടത്തിന്റെ പേരാണ് ജിഹാദെന്നും ദിവ്യ പറഞ്ഞു.
ഓരോ മനുഷ്യനും ബാഹ്യമായിട്ടുള്ള തിന്മകൾക്കെതിരെ പോരാട്ടം ശക്തമാക്കണമെങ്കിൽ ആദ്യം ആന്തരികമായ പോരാട്ടം സുശക്തമാക്കണമെന്നും ആ വലിയ പോരാട്ടമാണ് ജിഹാദെന്നുമാണ് ഖുറാനിൽ പറയുന്നത്. അൽജിഹാദ് അൽ അക്ബർ എന്നാണ് സൂചിപ്പിക്കുന്നത്. എല്ലാ മതങ്ങളും പറഞ്ഞുതരുന്നത് തിന്മയെ അതിജീവിക്കേണ്ടതെന്നാണ് പറഞ്ഞുതരുന്നത്. യാതനകളെ എങ്ങനെയാണ് നേരിടേണ്ടതെന്നും മതങ്ങൾ പകർന്നുനൽകുന്നുവെന്നും അവർ പറഞ്ഞു.


