
തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്യുകയും അശാസ്ത്രീയ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്ത കേസിൽ തെളിവായി നൽകിയ ശബ്ദരേഖയിലുള്ളത് രാഹുൽ മാങ്കൂട്ടത്തിലിന്റെ ശബ്ദം തന്നെയെന്ന് സ്ഥിരീകരിച്ചു. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടത്തിയ ആധികാരിക പരിശോധനയിലാണ് പ്രത്യേക അന്വേഷണ സംഘം ഓഡിയോ ക്ലിപ്പിലെ ശബ്ദം രാഹുൽ മാങ്കൂട്ടത്തിലിന്റേതു തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ശബ്ദരേഖ ചാനലുകളിലൂടെ പുറത്തു വന്നിരുന്നു. രാഹുലിന്റെ നിർബന്ധ പ്രകാരം അസാസ്ത്രീയ ഭ്രൂണഹത്യ നടത്തുമ്പോൾ ഗർഭസ്ഥ ശിശുവിന് മൂന്നുമാസത്തെ വളർച്ചയാണ് ഉണ്ടായിരുന്നത്. ഇതിനുശേഷം യുവതി മാനസികമായി തകരുകയും ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം.
യുവതിയെ പരിശോധിച്ച വനിതാ ഡോക്ടറുടെ മൊഴിയും പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അസാസ്ത്രീയ ഗർഭച്ഛിദ്രത്തെത്തുടർന്ന് യുവതിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നതായി ഡോക്ടർ മൊഴി നൽകി. ഗർഭം ധരിച്ച് പരമാവധി ഏഴാഴ്ചയ്ക്കകം കഴിക്കാവുന്ന ഗുളികകളാണ് 3 മാസം ഗർഭിണിയായിരിക്കെ കഴിച്ചത്. ഡോക്ടറുടെ നിർദേശമോ സാന്നിധ്യമോ ഇല്ലാതെ ഗുളികകൾ കഴിപ്പിച്ചത് സ്ഥിതി അതീവ ഗുരുതരമാക്കി.
അമിത രക്തസ്രാവം മൂലം സർക്കാർ ആശുപത്രിയിൽ യുവതി ചികിത്സ തേടി. മാനസികമായും തകർന്ന പെൺകുട്ടി സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയതായാണ് വിവരം. ആശുപത്രി രേഖകൾ യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. വിവാഹബന്ധം തകർന്നത് ആശ്വസിപ്പിക്കാനെത്തിയ രാഹുൽ, സൗഹൃദം മുതലെടുത്ത് ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ മൊഴി. രാഹുലിനെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.


