
പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതരെ യുവതി ലൈംഗിക പീഡന പരാതി നൽകിയ സാഹചര്യത്തിൽ എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് ബിജെപി. സി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. പൂട്ടിയിട്ട എംഎൽഎ ഓഫീസിനകത്തേക്ക് അതിക്രമിച്ച് കയറാൻ പ്രവർത്തകർ ശ്രമിച്ചു. രാഹുൽ ആണ്കുട്ടിയാണെങ്കില് പൊലീസിന് മുന്നിൽ ഹാജരാകണം എന്ന് സി കൃഷ്ണകുമാര്‍ പ്രതികരിച്ചു. പ്രതിഷേധക്കാർ രാഹൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ ഓഫീസിലേക്ക് കടന്നുകയറാൻ ശ്രമിച്ചതോടെ പൊലീസ് ഇടപെടുകയും ഓഫീസ് ഗേറ്റ് ചങ്ങലയിട്ട് പൂട്ടുകയും ചെയ്തു.
രാഹുൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും പ്രതിഷേധം നടത്തി. പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്. രാഹുലിന്റെ പാലക്കാട് എംഎൽഎ ഓഫീസിലേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ‘പീഡന വീരന് ആദരാഞ്ജലികൾ’ എന്നെഴുതിയ റീത്തുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു. എന്നാൽ ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറി. ഇ പ്രദേശത്ത് പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ഓഫീസ് പരിസരത്ത് വൻ പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ഇന്ന് വൈകുന്നേരമാണ് പീഡനത്തിനിരയായ യുവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയത്.


