
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ പെണ്‍കുട്ടി പീഡനപരാതി നല്‍കിയതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരണവുമായി സിപിഎം മന്ത്രിമാര്‍. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ‘വീ കെയര്‍’ എന്ന് ഫെയസ്ബുക്കില്‍ കുറിച്ചു.
‘പ്രിയപ്പെട്ട സഹോദരി തളരരുത്…കേരളം നിനക്കൊപ്പം…’ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിനല്‍കിയത് സംബന്ധിച്ച് ചോദ്യം ചോദിച്ചെങ്കിലും ചോദ്യം മുഴുമിക്കുംമുന്നേ പ്രതിപക്ഷനേതാവ് പ്രതികരിക്കാതെ മടങ്ങുകയായിരുന്നു.
രാഹുലിനെതിരെ പാര്‍ട്ടി നടപടിയെടുത്തതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപദാസ് മുന്‍ഷി പ്രതികരിച്ചു. പരാതിക്കാരി ആദ്യം പൊലീസിനെ സമീപിച്ച് നിയമനടപടികള്‍ സ്വീകരിക്കണം. പൊലീസ് സ്റ്റേഷനില്‍ പോകാതെ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ കാണാന്‍ പോയതെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ അടിയന്തരമായി അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കണം. നിരവധി പെണ്‍കുട്ടികളെ രാഹുല്‍ പീഡിപ്പിച്ചതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. എന്തെങ്കിലും ധാര്‍മികത ഉണ്ടെങ്കില്‍ പാലക്കാട് എംഎല്‍എ സ്ഥാനം കോണ്‍ഗ്രസ് രാജിവയ്പിക്കാന്‍ വിഡി സതീശനും സണ്ണി ജോസഫും തയ്യാറാവണമെന്ന് കെ സുരേന്ദ്രന് പറഞ്ഞു.


