
തായ് പോ: ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണ സംഖ്യ 55 ആയി ഉയർന്നു. രക്ഷാപ്രവർത്തനം നടത്തിയ 37 വയസുകാരനടക്കം മരിച്ചു. സംഭവത്തിൽ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. വാങ് ഫുട് കോർട്ട് എന്ന റെസിഡൻഷ്യൽ കെട്ടിട സമുച്ചയത്തിൻ്റെ നവീകരണ കരാർ ഏറ്റെടുത്തിരുന്ന കമ്പനിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. അതേസമയം ദുരന്ത മുഖത്ത് നിന്ന് കാണാതായ 279 പേരിൽ 72 പേർ ജീവനോടെയുണ്ടെന്നും ഇവർ തങ്ങളെ ബന്ധപ്പെട്ടെന്നും ഹോങ്കോങിലെ ഏജൻസികൾ അറിയിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞാണ് കെട്ടിട സമുച്ചയത്തിൽ അഗ്നിബാധയുണ്ടായത്. കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾക്കായി ചുറ്റും സ്ഥാപിച്ചിരുന്ന മുള കൊണ്ടുള്ള നിർമ്മാണ് തീ വളരെ വേഗത്തിൽ പല ഭാഗങ്ങളിലേക്ക് പടരാൻ കാരണമായിരുന്നു. ഇവിടെ നിർമ്മാണ കമ്പനിയുടെ പേരിലുള്ള അതിവേഗം തീപിടിക്കുന്ന പോളിസ്റ്റൈറൈൻ ബോർഡുകൾ അടക്കം കണ്ടെത്തി. അതേസമയം രക്ഷാപ്രവർത്തനത്തിന് അടിയന്തിര സഹായമായി 20 ലക്ഷം യുവാൻ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് പ്രഖ്യാപിച്ചു.
ഏഴ് കെട്ടിടങ്ങളുൾപ്പെടുന്നതാണ് വാങ് ഫുക് കോർട്ട്. ഇവിടെ 2000 ത്തോളം വരുന്ന ഫ്ലാറ്റുകളിലായി ഏതാണ്ട് 4800 ഓളം പേർ താമസിച്ചിരുന്നു. ആദ്യത്തെ കെട്ടിടത്തിൽ തീ പിടിച്ചപ്പോൾ തന്നെ തീയണക്കാതിരുന്നതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്. ഇതിൻ്റെ കാരണം എന്തായിരുന്നുവെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. തീയണക്കാതെ സിഗററ്റ് കുറ്റികൾ വലിച്ചെറിയുന്നതടക്കം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നാണ് താമസക്കാരുടെ മൊഴി. അതിവേഗം തീപിടിക്കുന്ന വസ്തുക്കളിലേക്ക് ഇങ്ങനെയാണോ തീപടർന്നതെന്ന് സംശയിക്കുന്നുണ്ട്.


