
മനാമ: ബഹ്റൈനിലെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ നവജാത ശിശുക്കളുടെ നവീകരിച്ച തീവ്രപരിചരണ യൂണിറ്റ് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ മന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസന് ചടങ്ങില്‍ പങ്കെടുത്തു. സേവന സന്നദ്ധത വര്‍ധിപ്പിക്കാനും കുട്ടികള്‍ക്ക് വിപുലമായ പരിചരണ അന്തരീക്ഷം നല്‍കാനുമുള്ള സര്‍ക്കാര്‍ ആശുപത്രി വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണിത്.
അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കല്‍, നൂതനമായ പ്രത്യേക ക്രിട്ടിക്കല്‍-കെയര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് യൂണിറ്റിനെ സജ്ജമാക്കല്‍, ശേഷി വര്‍ധിപ്പിക്കല്‍, ഗുരുതരമായ കേസുകള്‍ക്കുള്ള പരിചരണ നിലവാരവും പ്രതികരണ സമയവും വര്‍ധിപ്പിക്കുന്നതിന് വര്‍ക്ക്ഫ്ളോകള്‍ മെച്ചപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടുന്ന വികസന ഘട്ടങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ആശുപത്രി വകുപ്പ് ഉദ്യോഗസ്ഥര്‍ ലഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ലയ്ക്ക് വിശദീകരിച്ചുകൊടുത്തു.
ബഹ്റൈന്‍ രാജ്യത്ത് പീഡിയാട്രിക് സേവനങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുന്നതില്‍ നവജാത ശിശുക്കളുടെ തീവ്രപരിചരണ യൂണിറ്റിന്റെ പുതുക്കല്‍ ഒരു പ്രധാന ഘട്ടമാണെന്ന് ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല പറഞ്ഞു.
തീവ്രപരിചരണം ആവശ്യമുള്ള നവജാതശിശുക്കള്‍ക്ക് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഉയര്‍ന്ന നിലവാരമുള്ള പരിചരണം നവീകരിച്ച യൂണിറ്റ് നല്‍കുമെന്ന് ഗവണ്മെന്റ് ഹോസ്പിറ്റല്‍സ് വകുപ്പ് സി.ഇ.ഒ. ഡോ. മറിയം അദ്ബി അല്‍ ജലഹമ പറഞ്ഞു.


