
മനാമ: പ്രമേഹരോഗികളുടെ മുറിവുണക്കാനായി ഡബ്ലിനിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലന്‍ഡ് (ആര്.സി.എസ്.ഐ), ആര്.സി.എസ്.ഐ. മെഡിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ബഹ്റൈന്‍, റോയല്‍ മെഡിക്കല്‍ സര്‍വീസസ് എന്നിവ ചേര്‍ന്ന് നൂതനമായ മരുന്നും പുതിയ മെഡിക്കല്‍ ഉപകരണവും വികസിപ്പിച്ചെടുത്തു.
റോയല്‍ മെഡിക്കല്‍ സര്‍വീസസിന്റെ കമാന്‍ഡറായ ബ്രിഗേഡിയര്‍ (ഡോ.) ഫഹദ് ബിന്‍ ഖലീഫ അല്‍ ഖലീഫ, ബഹ്റൈനിലെ ആര്.സി.എസ്.ഐ. മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് മേധാവി പ്രൊഫ. സ്റ്റീഫന്‍ ആറ്റ്കിന്‍, ഡബ്ലിനിലെ ആര്.സി.എസ്.ഐ. റിസര്‍ച്ച് ആന്റ് ഇന്നൊവേഷന് ഡെപ്യൂട്ടി വൈസ് ചാന്‍സലറും ടിഷ്യു എഞ്ചിനീയറിംഗ് റിസര്‍ച്ച് ഗ്രൂപ്പിന്റെ തലവനുമായ പ്രൊഫ. ഫെര്‍ഗല്‍ ഒബ്രയാന് എന്നിവരുടെ നേതൃത്വത്തിലാണ് ഈ ഗവേഷണം നടന്നത്. മുറിവുണക്കുന്നതിനെ ത്വരിതപ്പെടുത്തുന്ന ഒരു പുതിയ ബയോമെറ്റീരിയല്‍ വികസിപ്പിക്കുന്നതില്‍ ഈ സഹകരണം പ്രീ-ക്ലിനിക്കല്‍ ഫലങ്ങള്‍ കൈവരിച്ചു.
ബഹ്റൈനിലെ ആര്.സി.എസ്.ഐ. മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഹ്യൂമന്‍ ബയോളജിയിലെ അസോസിയേറ്റ് പ്രൊഫസറും ടിഷ്യു എഞ്ചിനീയറിംഗ് റിസര്‍ച്ച് ഗ്രൂപ്പ് മേധാവിയുമായ പ്രൊഫസര്‍ മൈക്കല്‍ കിയോഗ്, ആര്.സി.എസ്.ഐ- ആര്.എം.എസ്. റിസര്‍ച്ച് കൊളാബറേഷന്റെ ഡയറക്ടറും ക്രൗണ്‍ പ്രിന്‍സ് സെന്റര്‍ ഫോര്‍ ട്രെയിനിംഗ് ആന്റ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഡയറക്ടറുമായ ഡോ. മുഹമ്മദ് അല്‍ മുഹറഖി എന്നിവരുടെ നേതൃത്വത്തില്‍ ബഹ്റൈനില്‍നിന്നും അയര്‍ലന്‍ഡില്‍നിന്നുമുള്ള ക്ലിനിക്കല്‍, ശാസ്ത്രീയ വൈദഗ്ധ്യം ഈ പദ്ധതിയില്‍ സംയോജിപ്പിച്ചിരുന്നു. റോയല്‍ മെഡിക്കല്‍ സര്‍വീസസിലെ വാസ്കുലര്‍ ആന്റ് എന്‍ഡോവാസ്കുലര്‍ സര്ജന് ഡോ. മാര്ട്ടിന് മാരെഷും 11 ഗവേഷണ, മെഡിക്കല്‍ വിദഗ്ധരുടെ ഒരു സംഘവും അവരെ സഹായിച്ചു. രക്തക്കുഴലുകളുടെ രൂപീകരണം മെച്ചപ്പെടുത്തുന്നതിലൂടെയും വടുക്കള്‍ കുറയ്ക്കുന്നതിലൂടെയും ടിഷ്യു നന്നാക്കല്‍ മെച്ചപ്പെടുത്തുന്ന ഒരു ബയോമെറ്റീരിയല്‍ ടീം വിജയകരമായി വികസിപ്പിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇത് പരമ്പരാഗത ക്ലിനിക്കല്‍ ഡ്രെസ്സിംഗുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച രോഗശാന്തിക്ക് കാരണമാകുമെന്ന് ഗവേഷകര്‍ പറഞ്ഞു.


