
ആലപ്പുഴ: ക്ഷേത്രത്തിലെ പൂജകൾക്ക് കൈക്കൂലി വാങ്ങവേ ദേവവസ്വം ഉദ്യോഗസ്ഥൻ പിടിയിൽ. കുന്നത്തൂർ ശ്രീ ദുർഗാ ദേവി ക്ഷേത്രത്തിലെ റിസീവറും തൃക്കുരട്ടി മഹാദേവ ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസറുമായ ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ശ്രീനിവാസനെയാണ് ക്ഷേത്രത്തിൽ പരാതിക്കാരൻ നടത്തിയ പൂജകൾക്ക് കൈക്കൂലിയായി 5000 രൂപ വാങ്ങവെ വിജിലൻസ് കയ്യോടെ പിടികൂടിയത്. മാന്നാർ സ്വദേശിയായ പരാതിക്കാരൻ വിവിധ പൂജകൾക്ക് ബുക്ക് ചെയ്യുന്നതിനായി ശ്രീനിവാസനെ ബന്ധപ്പെട്ടിരുന്നു. പൂജകൾ നടത്തിയതിനുള്ള സൗകര്യം ചെയ്തുകൊടുത്തതിന് പ്രതിഫലമായി 5000 രൂപ കൈക്കൂലി വേണമെന്ന് ശ്രീനിവാസൻ ആവശ്യപ്പെടുകയായിരുന്നു.
കൈക്കൂലി നൽകാൻ താത്പര്യമില്ലാത്ത പരാതിക്കാരൻ ആലപ്പുഴ വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ വിവരമറിയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന് ഉച്ചക്ക് 12. 40-ന് മാന്നാറുള്ള ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് മുന്നിൽ വെച്ച് പരാതിക്കാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങവെ ശ്രീനിവാസനെ വിജിലൻസ് സംഘം പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.


