
ദില്ലി: പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കണമെന്നതിൽ റിപ്പോർട്ട് സമർപ്പിക്കാത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതിയുടെ വിമർശനം. കേരളം റിപ്പോർട്ട് സമർപ്പിക്കാത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് മൂന്നാഴ്ച സമയം നൽകി. ഈ സമയത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജ്യത്ത് 8 മാസത്തിനിടെ 11 കസ്റ്റഡി മരണം ഉണ്ടായെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കണമെന്ന നിർദേശം നൽകിയത്. നിലവിൽ 11 സംസ്ഥാനങ്ങൾ മാത്രമാണ് മറുപടി നൽകിയതെന്ന് വിഷയത്തിൽ അമിക്കസ്ക്യുറിയായി നിയോഗിച്ച മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ദവെ കോടതിയെ അറിയിച്ചു. ദേശീയ ഏജൻസികളുമായി ബന്ധപ്പെട്ട് കേന്ദ്രം മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണനിർവഹണത്തിന് പേരുകേട്ട സംസ്ഥാനം എന്തുകൊണ്ട് മടിക്കുന്നുവെന്നും വളരെ മുന്നാക്കം നിൽക്കുന്ന സംസ്ഥാനമല്ലേ എന്നും ജസ്റ്റിസ് സന്ദീപ് മേഹ്ത ചോദിച്ചു. ഡിസംബർ 16ന് വിഷയം വീണ്ടും സുപ്രീം കോടതി പരിഗണിക്കും.


