
ലഖ്നൗ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായ ധര്‍മ്മ ധ്വജാരോഹണം നടന്നു. ശ്രീരാമ നാമ വിളികള്‍ അന്തരീക്ഷത്തില്‍ നിറച്ച ആയിരക്കണക്കിന് ഭക്തരെ സാക്ഷി നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആചാരപരമായ കൊടി ഉയര്‍ത്തല്‍ ചടങ്ങ് നിര്‍വഹിച്ചത്. രാവിലെ 11.50 മണിക്കുശേഷം നടന്ന ചടങ്ങില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു.
161 അടി ഉയരമുള്ള പ്രധാന ക്ഷേത്ര ഗോപുരത്തിന് മുകളില്‍ 30 അടി ഉയരത്തിലാണ് പതാക . നിറം കാവി. പതാകയില്‍ ഓം, സൂര്യന്, മന്ദാരവും പാരിജാതവും ചേര്‍ത്തുണ്ടാക്കിയ കോവിദാര അഥവാ കാഞ്ചനാര മരത്തിന്റെ ചിഹ്നം എന്നിവ ആലേഖനം ചെയ്തിട്ടുണ്ട്. സൂര്യന് ശ്രീരാമന്റെ സൂര്യവംശത്തെ പ്രതിനിധീകരിക്കുന്നു, ഓം എന്നത് ശാശ്വതമായ ആത്മീയ ശബ്ദമാണ്.
പതാക ഉയര്‍ത്തല്‍ ചടങ്ങിന് മുന്‍പായി സരയൂതീരത്ത് കലശപൂജ നടന്നു. ക്ഷണിക്കപ്പെട്ട എണ്ണായിരം പേര്‍ക്കായിരുന്നു ധ്വജാരോഹണ ചടങ്ങില്‍ പ്രവേശനം. മറ്റന്നാള്‍ മുതലാണ് പൊതുജനങ്ങള്‍ക്ക് ദര്‍ശനത്തിന് അവസരം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആയിരുന്നു പ്രാണപ്രതിഷ്ഠ നടത്തിയത്. ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ധ്വജാരോഹണത്തിന് മുന്നോടിയായി അയോധ്യയിലെ 12 ക്ഷേത്രങ്ങളില്‍ നിന്നുള്ള ശോഭായാത്ര രാമജന്മഭൂമി ക്ഷേത്രത്തില്‍ എത്തി. ധ്വജാരോഹണച്ചടങ്ങുകളുടെ ഭാഗമായി രാമക്ഷേത്രവും പരിസരവും ദീപങ്ങളാല്‍ അലങ്കരിച്ചു. അതിഥികളെ വരവേല്‍ക്കാന്‍ വലിയ ഒരുക്കങ്ങളാണ് നടത്തിയത്.


