
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിചാരണക്കോടതി വിധി പ്രസ്താവിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി വർഗീസാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി. നടന് ദിലീപാണ് കേസിലെ എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് മലയാളത്തിലെ യുവനടി ആക്രമിക്കപ്പെട്ടത്.
എട്ടു വർഷങ്ങൾക്കുശേഷമാണ് കേസിൽ വിധി വരുന്നത്. 2018 മാർച്ചിലാണ് വിചാരണ നടപടികൾ ആരംഭിച്ചത്. പൾസർ സുനി ഉൾപ്പെടെ 9 പ്രതികളാണ് കേസിലുള്ളത്. 2024 ഡിസംബർ 11 നാണ് കേസിൽ അന്തിമ വാദം തുടങ്ങുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതെന്ന് ആരോപിക്കപ്പെടുന്ന നടൻ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്.
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും, ഇതേത്തുടർന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. 2017 നവംബറിലാണ് കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. 2018 ജൂണിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹര്‍ജി കോടതി സിംഗിൾ ബെഞ്ച് തള്ളി. കേസിൽ സാക്ഷി വിസ്താരം പൂർത്തിയാകാൻ നാലര വർഷമെടുത്തിരുന്നു.

