
മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ 17-ാം വാർഷികത്തോടനുബന്ധിച്ച് ദില്ലിയിലെ ഇന്ത്യാ ഗേറ്റിൽ നാഷണൽ സെക്യൂരിറ്റി ഗാർഡ് അനുസ്മരണ പരിപാടി സംഘടിപ്പിക്കും. രാജ്യത്ത് ഇനി ഇത്തരമൊരു സംഭവം ആവർത്തിക്കരുതെന്ന ജാഗ്രത ജനങ്ങളിൽ ഊട്ടിയുറപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്. ഭീകരരോട് പോരുതി മരിച്ച ധീരസൈനികരെയും ജീവൻ നഷ്ടപ്പെട്ട നിരായുധരായ മനുഷ്യരെയും പരിക്കേറ്റ മനുഷ്യരെയും ആദരിക്കും.
‘ഇനിയൊരിക്കലും ഇല്ല’, എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ചാണ് എൻഎസ്ജി വിഭാഗം അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്. ഭീകരർക്കെതിരെ പൊരുതി രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരയോദ്ധാക്കളുടെ ചിത്രങ്ങൾക്ക് മുന്നിൽ മെഴുകുതിരി കത്തിക്കും. പുഷ്പാർച്ചന നടത്തും.
ഇവിടെ ഉരുകിത്തീരുന്ന മെഴുക് ഉപയോഗിച്ച് മറ്റൊരു സ്മാരകം ധീരയോദ്ധാക്കൾക്കായി നിർമ്മിക്കുമെന്നും എൻഎസ്ജി അറിയിച്ചിട്ടുണ്ട്. ദില്ലിയിലെ 11 കോളേജുകളിലെയും 26 സ്കൂളുകളിലെയും വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കും. സമാധാനം, ജാഗ്രത, ദേശ സുരക്ഷ എന്നിവയിൽ യുവാക്കളുടെ പ്രതിബദ്ധത ഉയർത്തുകയെന്ന ലക്ഷ്യത്തോടെ പരിപാടിയിൽ പ്രതിജ്ഞ ചൊല്ലും. മരിച്ചവർക്കും അതിജീവിച്ചവർക്കും വേണ്ടി പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സന്ദേശമെഴുതാനുള്ള സൗകര്യവും ഇവിടെയൊരുക്കും.


