
തൊടുപുഴ: ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് മുസ്ലീം ലീഗ്. ഉടുമ്പഞ്ചോല നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മൂന്ന് വാര്‍ഡുകളില്‍ ലീഗ് ഒറ്റയ്ക്കു മത്സരിയ്ക്കും. കോണ്‍ഗ്രസ് മുന്നണി മര്യാദപാലിച്ചില്ലെന്ന് ആരോപണം.
നെടുംകണ്ടം ഗ്രാമ പഞ്ചായത്തിലെ ഏഴ്, 16 വാര്‍ഡുകളിലും രാജാക്കാട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലുമാണ് മുസ്ലീം ലീഗ് മത്സരിയ്ക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നെടുംകണ്ടത്തെ രണ്ട് വാര്‍ഡുകളില്‍ ലീഗ് ആണ് മത്സരിച്ചത്. ഇതോടൊപ്പം രാജാക്കാട് പഞ്ചായത്തിലെ ഒരു വാര്‍ഡ് വിട്ടു നല്‍കാമെന്നും മുമ്പ്് ധാരണ ഉണ്ടാക്കിയിരുന്നു. എന്നാല്‍ മുന്നണി മര്യാദകള്‍ പോലും പാലിക്കാതെ കഴിഞ്ഞ തവണ മത്സരിച്ച വാര്‍ഡുകള്‍ പോലും തിരിച്ചെടുത്ത് കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഇഷ്ടകാര്‍ക്ക് കൊടുത്തെന്നാണ് ആരോപണം.
നെടുംകണ്ടം ഏഴാം വാര്‍ഡില്‍ യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി സിയാദ് കുന്നുകുഴിയും 16ാം വാര്‍ഡില്‍ യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ റഷീദും രാജാക്കാട് ഒന്‍പതാം വാര്‍ഡില്‍ മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി കെ എം സുധീറുമാണ് മത്സരിയ്ക്കുന്നത് . കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കന്മാര്ക്ക് മത്സരിയ്ക്കാന്‍ മറ്റ് ജനറല്‍ വാര്‍ഡുകള്‍ ഇല്ലാതെ വന്നതോടെ ലീഗിന്റെ സീറ്റ് ചര്‍ച്ച പോലും ചെയ്യാതെ ഏറ്റെടുക്കുകയായിരുന്നുവെന്നാണ് ആരോപണം.


