
തിരുവനന്തപുരം : വിവാരാവകാശ അപേക്ഷകളില്‍ വിവരം നൽകാതിരിക്കുകയോ, വിവരം നൽകുന്നതിൽ കാല താമസം നേരിടുകയോ, തെറ്റായ വിവരം നൽകുകയോ ചെയ്യുന്നത് വിവരാവകാശ നിയമത്തിൻ്റെ ലംഘനമാണെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ. ദേശീയ സമ്പാദ്യ പദ്ധതി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന വിവരാവകാശ കമ്മിഷൻ ഹിയറിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശം പൊതുജനങ്ങൾക്ക് കിട്ടിയ ഏറ്റവും നല്ല നിയമമാണെന്നും, വിവരാവകാശ നിയമപ്രകാരം വിവരം നൽകാതിരുന്നാലോ വിവരം നൽകാൻ താമസിച്ചാലോ ഒഴികഴിവുകൾ പറഞ്ഞ് ഉദ്യോഗസ്ഥർക്ക് രക്ഷപ്പെടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവരാവകാശ അപേക്ഷക്ക് വെറും മറുപടി നൽകിയാൽ പോര. ജനങ്ങൾ ആവശ്യപ്പെട്ട വിവരങ്ങൾ തന്നെ നൽകണമെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ അപേക്ഷ ലഭിച്ചാൽ എത്രയും പെട്ടെന്നോ പരമാവധി 30 ദിവസത്തിനുള്ളിലോ വിവരം നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്.
ജനങ്ങൾ നൽകിയ പരാതികളിൽ സ്വീകരിച്ച നടപടികൾ അറിയാനാണ് വിവരാവകാശ അപേക്ഷകളിൽ അധികവും സമർപ്പിക്കുന്നത്. അതവരുടെ അവകാശമാണ്. വിവരാവകാശ നിയമ പ്രകാരമുളള നടപടി ക്രമങ്ങൾ കൃത്യമായി പാലിക്കുന്നത് വിവരാവകാശ രേഖകൾ വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കും. ഓരോ ഓഫീസുകളിലെയും രേഖകൾ സുചിക തയ്യാറാക്കിയും പട്ടിക തിരിച്ചും കൃത്യമായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം വിവരാവകാശ നിയമം വകുപ്പ് നാല് പ്രകാരം ബന്ധപ്പെട്ട വകുപ്പ് മേധാവിയുടെയും പൊതു അധികാരിയുടെയും ഉത്തരവാദിത്തമാന്നെന്നും കമ്മീഷണർ വ്യക്തമാക്കി. ഹിയറിങ്ങിൽ പരിഗണിച്ച 16 കേസുകളിൽ 15 എണ്ണം തീർപ്പാക്കി. ഒരു കേസ് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു.


