
ജോഹന്നാസ്ബർഗ്: ഓസ്ട്രേലിയ- കാനഡ- ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു രാജ്യങ്ങളും ചേർന്നുള്ള സാങ്കേതിക സഹകരണ കൂട്ടായ്മയാണ് പ്രഖ്യാപിച്ചത്. ജി20 ഉച്ചകോടിക്കിടെ മൂന്നു നേതാക്കളും ചർച്ച നടത്തി. ഇന്ത്യ- കാനഡ ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ പ്രഖ്യാപനം. മയക്കുമരുന്ന് ശൃംഘലയ്ക്കെതിരെ ജി20 ഒറ്റെക്കെട്ടായി നീങ്ങണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മയക്കു മരുന്ന് ശൃംഘലയും ഭീകരവാദവും ബന്ധപ്പെട്ട് കിടക്കുന്നു. ഇവയെ ദുർബലപ്പെടുത്താൻ ജി20 കൂട്ടായ സംവിധാനം രൂപപ്പെടുത്തണം. പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള സംയുക്ത സംവിധാനം വേണമെന്നും മോദി. ഉച്ചകോടിയിലെ പ്രസംഗത്തിലാണ് പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശം.
ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബർഗിലാണ് ജി ട്വന്റി ഉച്ചകോടി നടക്കുന്നത്. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്ക് ജൊഹന്നാസ്ബർഗിൽ എത്തിയ മോദിക്ക് ഇന്ത്യൻ സമൂഹം വൻവരവേൽപ്പ് നൽകിയിരുന്നു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസുമായി മോദി ഇന്നലെ കൂടിക്കാഴ്ച നടത്തി. അതേസമയം ഓപ്പറേഷൻ സിന്ദൂർ നിറുത്തിയതായി മോദി തന്നെ നേരിട്ട് വിളിച്ചറിയിച്ചു എന്ന യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിൽ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്ന ആവശ്യം കോൺഗ്രസ് ശക്തമാക്കിയിട്ടുണ്ട്. ട്രംപ് പങ്കെടുക്കാത്തതിനാൽ സുരക്ഷിതമെന്ന് കണ്ടാണ് മോദി ജി 20 ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിലേക്ക് പോയതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു. ഈജിപ്തിൽ നടന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയിൽ നിന്നും മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ നിന്നും നരേന്ദ്ര മോദി മാറി നിന്നിരുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് പരിഹാസം. ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാനായിരുന്നു മലേഷ്യയിലും ഈജിപ്തിലും മോദി പോകാതിരുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.


