
ആലപ്പുഴ: മാവേലി സ്റ്റോറിൽ നിന്ന് പഞ്ചസാര തിരിമറി നടത്തിയ കേസിൽ ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. ചേർത്തല താലൂക്ക് കടക്കരപ്പള്ളിയിൽ മാവേലിസ്റ്റോർ നടത്തിയിരുന്ന എൻ പൊന്നനെയാണ് കോട്ടയം വിജിലൻസ് സംഘം പിടികൂടിയത്. 1997ലാണ് കേസിനാസ്പദമായ സംഭവം.120 ക്വിന്റൽ പഞ്ചസാര തിരിമറി നടത്തിയ കേസിൽ സർക്കാരിന് 1,25000 രൂപ നഷ്ടമുണ്ടാക്കിയതിന് ആലപ്പുഴ വിജിലൻസ് യൂണിറ്റാണ് കേസെടുത്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ പൊന്നൻ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തിയതോടെ വിവിധ വകുപ്പുകളിലായി ഏഴ് വർഷം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴ ഒടുക്കാൻ 2010ലാണ് ശിക്ഷ വിധിച്ചത്. ഇതേത്തുടർന്ന് പൊന്നൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയതോടെ ശിക്ഷയിൽ ഇളവ് വരുത്തി വിവിധ വകുപ്പുകൾ പ്രകാരം അഞ്ചുവർഷം കഠിന തടവിനും രണ്ടുലക്ഷം രൂപ പിഴ ഒടുക്കാനും കോടതിയിൽ കീഴടങ്ങാനും ഉത്തരവിട്ടു. ഇതിന് പിന്നാലെ ഒളിവിൽപോയ പ്രതിയെ ശനിയാഴ്ച രാവിലെ 10.20ന് ചേർത്തലയിലെ വീട്ടിൽനിന്നാണ് വിജിലൻസ് സംഘം പിടികൂടിയത്.


