
മനാമ: ബഹ്റൈനില്‍ വിദേശികളുടെ സന്ദര്‍ശന വിസ വര്‍ക്ക് പെര്‍മിറ്റാക്കിമാറ്റുന്നതിന് വിലക്കേര്‍പ്പെടുത്താനുള്ള നിയമ ഭേദഗതി ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വോട്ടിനിടും.
1965ലെ വിദേശി (ഇമിഗ്രേഷന്‍ ആന്റ് റസിഡന്‍സ്) നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലാണ് പാര്‍ലമെന്റ് പരിഗണിക്കുന്നത്. നേരത്തെ പാര്‍ലമെന്റ് അംഗീകാരം നല്കിയ ഈ ഭേദഗതി പിന്നീട് ശൂറ കൗണ്‍സില്‍ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വീണ്ടും പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു വരുന്നത്.
പാര്‍ലമെന്റും ശൂറ കൗണ്‍സിലും പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ പിന്നീട് ബില്‍ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തില്‍ പരിഗണിക്കും. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കാനും സ്വദേശികളുടെ തൊഴിലില്ലായ്മാ നിരക്ക് കുറച്ചുകൊണ്ടുവരാനും ഈ ഭേദഗതി ആവശ്യമാണെന്നാണ് ഭൂരിപക്ഷം എം.പിമാരുടെയും വാദം.


