
തിരുവനന്തപുരം: കാത്തുകാത്തിരുന്ന പൂജ ബമ്പർ നറുക്കെടുപ്പ് പുറത്തുവരുമ്പോൾ ടിക്കറ്റെടുത്ത പലർക്കും നിരാശയാണെങ്കിലും സർക്കാരിന് ബമ്പറടിച്ച അവസ്ഥയാണ്. 12 കോടിയുടെ മഹാഭാഗ്യം JD 545542 എന്ന നമ്പറിനാണ് ലഭിച്ചത്. എന്നാൽ സർക്കാർ ഖജനാവിനാണ് പൂജ ബമ്പടിച്ചതെന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയാകില്ല. കാരണം കിട്ടിയാൽ കിട്ടിയെന്ന് കരുതി 300 രൂപ മുടക്കി ടിക്കറ്റെടുത്തത് 40 ലക്ഷത്തോളം പേരാണ്. ഈ വർഷം പൂജ ബമ്പർ ഭാഗ്യക്കുറിയുടേതായി 40 ലക്ഷം ടിക്കറ്റുകൾ ആണ് അച്ചടിച്ചത്. കൃത്യമായി പറഞ്ഞാൽ ഇതിൽ മുപ്പത്തി ഒമ്പത് ലക്ഷത്തി പതിനായിരത്തി അറുന്നൂറ്റി അറുപത് (3910660) ടിക്കറ്റുകളും വിറ്റഴിഞ്ഞു. ഇതിലൂടെ സർക്കാർ ഖജനാവിലേക്ക് എത്തുക കോടികളാണ്. അതായത് 117 കോടിയോളം രൂപയാണ് പൂജ ബമ്പർ വിറ്റുവരവ്. പൂജ ബമ്പറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവാണ് ഇത്തവണ ഖജനാവിലെത്തിയത്. എന്നാൽ ഈ തുക മൊത്തമായും സർക്കാരിന് ലഭിക്കില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള ബാക്കി തുകയാകും സർക്കാരിന് ലഭിക്കുന്നത്. ഇത് സംബന്ധിച്ച കൃത്യമായ കണക്ക് വൈകാതെ ലഭ്യമാകും.
JD 545542 ന് 12 കോടിയുടെ ഭാഗ്യം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ പൂജ ബമ്പർ BR 106 ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ നറുക്കെടുത്തപ്പോൾ 12 കോടി രൂപയുടെ ഒന്നാം സമ്മാനം JD 545542 എന്ന നമ്പറിനാണ് ലഭിച്ചത്. 12 കോടി രൂപ പൂജ ബമ്പർ അടിച്ചാൽ വിവിധ നികുതി കിഴിച്ചുള്ള തുകയാകും സമ്മാനാർഹന് ലഭിക്കുക. 10 ശതമാനം ആണ് ഏജന്സി കമ്മീഷൻ. അതായത് 1.2 കോടി രൂപ. ബാക്കിയുള്ള 10.8 കോടി രൂപയ്ക്ക് മുകളിലാണ് സമ്മാന നികുതി വരുന്നത്. 30 ശതമാനം ആണ് നികുതി. 3.24 കോടി രൂപയാണിത്. ശേഷമുള്ള 7.56 കോടി രൂപ സമ്മാനാർഹന്റെ അക്കൗണ്ടിലെത്തും. ഇതിന് ശേഷം സമ്മാനർഹൻ നേരിട്ട് നികുതി അടക്കണം. 50 ലക്ഷത്തിന് മുകളിൽ വരുമാനുള്ളവർ നികുതിക്ക് മുകളിൽ സർചാർജ് നൽകണം. 50 ലക്ഷം മുതൽ 1 കോടി രൂപ വരെ 10 ശതമാനവും ഒരു കോടി മുതൽ 2 കോടി വരെ 15%, തുടർന്ന് 5 കോടി വരെ 25 ശതമാനവും അതിന് ശേഷം 37 ശതമാനവുമാണ് സർചാർജ്.


