
കൊച്ചി: അസാധാരണ സാഹചര്യത്തില്‍ അസാധാരണമായ ധൈര്യവും മനഃസാന്നിധ്യവും കാണിക്കുന്നവര്‍ യഥാര്‍ഥ ജീവിതത്തിലും ഉണ്ട്. 2023 ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ അത്തരം അസാമാന്യ ധൈര്യം കാണിച്ചയാളാണ് സബിത ബേബി. ഗാസ അതിര്‍ത്തിക്കടുത്തുള്ള നിര് ഓസില്‍ കെയര്‍ ടേക്കറായി ജോലി ചെയ്ത ഈ 40 കാരിയെ ഇപ്പോള്‍ ലോകം അറിയും. താന്‍ പരിചരിച്ചുകൊണ്ടിരുന്ന വൃദ്ധ ദമ്പതികളെ അക്രമികളില്‍ നിന്ന് രക്ഷിക്കുന്നതിനായി സബിത കാണിച്ച ധൈര്യത്തിന് ഇസ്രയേല്‍ ഭരണകൂടം വിസ പുതുക്കി നല്‍കിയാണ് നന്ദി കാണിച്ചത്.
സബിതയുടെ സെക്കന്‍ഡ് ടേം ബി1 റെഗുലര്‍ വര്‍ക്ക് വിസയാണ് ഇസ്രയേല്‍ പുതുക്കി നല്‍കിയത്. ഈ വിസ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും പുതുക്കാം. ഇത് ഇസ്രയേലിന്റെ സമ്മാനമാണെന്നാണ് സബിത ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിസ പുതുക്കാന്‍ കഴിയുമെന്നും സബിത പറഞ്ഞു.
ഒരു ഇസ്രയേല്‍ കെയര്‍ ടേക്കര്‍ വര്‍ക്ക് പെര്‍മിറ്റ് വിസ(ബി1) ന്റെ കാലാവധി അഞ്ച് വര്‍ഷവും മൂന്നു മാസവുമാണ്. 52 മാസം മുതല്‍ 63 മാസം വരെ രാജ്യത്ത് ഈ ജോലി ചെയ്യുന്നവര്‍ക്ക് വിസ കാലാവധി നീട്ടാന്‍ കഴിയും. പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ വന്നതിനെത്തുടര്‍ന്ന് ജോലിക്കായെത്തുന്നവര്‍ 63 മാസം വരെ ഇസ്രയേലില്‍ തന്നെ തുടരുന്നു. 2023 ഒക്ടോബര്‍ 7ന് മുമ്പ് ഗാസയില്‍ നിന്ന് തൊഴിലാളികളെ ഇത്തരത്തില്‍ റിക്രൂട്ട് ചെയ്തിരുന്നുവെന്ന് കണ്ണൂര്‍ സ്വദേശിയായ സബിത പറയുന്നു. എന്നാല്‍ ഹമാസിന്റെ ആക്രമണത്തിന് ശേഷം ഇത് നിലച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സബിതയുടെ പരിചരണത്തിലായിരുന്ന വൃദ്ധ ദമ്പതികള്‍ അധികം താമസിയാതെ മരിച്ചു. മൂന്ന് വര്‍ഷവും എട്ട് മാസവും അപ്പോള്‍ തന്നെ കഴിഞ്ഞിരുന്നു സബിതയ്്ക്ക്. മറ്റൊരു തൊഴിലുടമ നല്കിയ ജോലി സ്വീകരിച്ച അവര്‍ പിന്നീടും ഇസ്രയേലില്‍ തന്നെ ജോലി തുടര്‍ന്നു. പരിചരണം ലഭിക്കുന്ന രോഗി വിസയുടെ കാലയളവില്‍ മരിച്ചാല്‍ ഒരു വര്‍ഷം കൂടി കെയര്‍ ടേക്കര്‍ക്ക് അവിടെ തുടരാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിനിടെ നിര് ഓസില്‍ ജോലി ചെയ്യാന്‍ തയ്യാറാണോ എന്ന് അന്വേഷിച്ച് സബിതയ്ക്ക് കോള്‍ ലഭിച്ചു. ഹമാസ് ആക്രമണം നടത്തിയപ്പോള്‍ സബിത പരിചരിച്ചിരുന്ന വൃദ്ധ ദമ്പതികളായ റേച്ചലിന്റേയും ഷമൗലിക്കിന്റേയും മകളായ ദളിത് സബിതയെ ബന്ധപ്പെട്ടു. തിരിച്ചു വരാന്‍ അവര്‍ ആവശ്യപ്പെട്ടു. ഹമാസ് തട്ടിക്കൊണ്ടു പോയ മാര്‍ഗലിറ്റ് മോസസ് എന്ന വൃദ്ധയെ പരിചരിക്കണമെന്നതായിരുന്നു ആവശ്യം. രണ്ടാമത്തെ വെടിനിര്‍ത്തലിന്റെ ഭാഗമായി ഹമാസ് വിട്ടയച്ചതാണ് അവരെ. രണ്ട് മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ രേഖകള്‍ ക്ലിയര്‍ ചെയ്യുകയും വിസ അനുവദിക്കുകയുമായിരുന്നുവെന്ന് സബിത പറയുന്നു.
”ഇത് ഇസ്രയേലില്‍ അപൂര്‍വമാണ്. ഞങ്ങള്‍ താമസിച്ചിരുന്ന വീട് ഭീകരരുടെ നിരവധി താവളങ്ങളില്‍ ഒന്നായിരുന്നു. അതുകൊണ്ട് അത് കത്തിച്ചില്ല. മറ്റ് വീടുകളെല്ലാം കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. താമസക്കാരെ തട്ടിക്കൊണ്ടുപോവുകയോ കൊല്ലുകയോ ചെയ്തു”,സബിത അന്നത്തെ നടുക്കുന്ന ഓര്‍മകള്‍ പങ്കുവെച്ചു.
സബിതയും സഹപ്രവര്‍ത്തക മീരയും 12 മണിക്കൂറിലധികം വീടിന്റെ സുരക്ഷാ മുറിയില്‍ ഇരുന്നത്. 2021ല്‍ ഇസ്രയേലില്‍ എത്തിയതിന് ശേഷം പതിവായി ബോംബാക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ 2023 ഒക്ടോബര്‍ 7ലെ ആക്രമണം അങ്ങനെയൊന്നായിരുന്നില്ല. ദൈവകൃപയാലാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്നും സബിത പറഞ്ഞു


