
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാറിലെ നേതൃമാറ്റത്തെക്കുറിച്ച് അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഒരു ഗ്രൂപ്പ് ഉണ്ടാക്കുക എന്നത് എന്റെ രക്തത്തിൽ ഇല്ലെന്നും സംസ്ഥാനത്തെ 140 കോൺഗ്രസ് എംഎൽഎമാരും എന്റെയും കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെയും മന്ത്രിസഭയെയും പുനഃസംഘടിപ്പിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചു. നിരവധി എംഎൽഎമാർ മന്ത്രിമാരാകാൻ താൽപ്പര്യപ്പെടുന്നു. അതിനായി അവർ ദില്ലിയിൽ പോയി നേതാക്കളെ കാണുന്നത് സ്വാഭാവികമാണ്. അതല്ലാതെ, എനിക്ക് എന്ത് പറയാൻ കഴിയും? ഞാൻ ആരെയും കൊണ്ടുപോയിട്ടില്ല. ചിലർ പോയി ഖാർഗെ സാഹബിനെ കണ്ടതിൽ തനിക്ക് പങ്കില്ലെന്നും ശിവകുമാർ പറഞ്ഞു.
അവർ മുഖ്യമന്ത്രിയെയും കണ്ടു. എന്താണ് കുഴപ്പം? അത് അവരുടെ ജീവിതമാണ്. ആരും അവരെ വിളിച്ചിട്ടില്ല, അവർ സ്വമേധയാ പോയതാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. 140 എംഎൽഎമാർക്കും മന്ത്രിമാരാകാൻ അർഹതയുണ്ട്. മുഖ്യമന്ത്രി 5 വർഷം പൂർത്തിയാക്കുമെന്ന് പറഞ്ഞു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. നാമെല്ലാവരും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന എംഎൽഎമാർ പാർട്ടി മേധാവി മല്ലികാർജുൻ ഖാർഗെയെ കണ്ടതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ച നടക്കുന്നുണ്ട്. പുതിയ പിസിസി പ്രസിഡന്റിനെയും 4-5 ഉപമുഖ്യമന്ത്രിമാരെയും ഉണ്ടാക്കണമെന്ന് അവർ ആഗ്രഹിച്ചു. കഴിഞ്ഞ 2.5 വർഷമായി എല്ലാ മീറ്റിംഗുകളും നടക്കുന്നുണ്ട്. ഇത് പുതിയ കാര്യമല്ല. അവർ കൂടുതൽ മീറ്റിംഗുകൾ നടത്തട്ടെയെന്നും ശിവകുമാർ പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടന പാർട്ടി ഹൈക്കമാൻഡിൻറെ പ്രത്യേകാവകാശമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കി.
“മന്ത്രിസഭാ പുനഃസംഘടനയെല്ലാം ഹൈക്കമാൻഡ് ആണ് ചെയ്യുന്നത്. എല്ലാവരും ഹൈക്കമാൻഡ് പറയുന്നത് കേൾക്കണം. അടുത്ത ബജറ്റ് ഞാൻ തന്നെ അവതരിപ്പിക്കും. ഞാൻ അവസാനം വരെ തുടരുമെന്നും നാളെ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തുമെന്നും സിദ്ധരാമയ്യ പറഞ്ഞു.


