
ജറുസലേം: കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്കിലെ ഒരു പ്രധാന ചരിത്രകേന്ദ്രം പിടിച്ചെടുക്കാൻ ഇസ്രായേൽ പദ്ധതിയിടുന്നതായി സർക്കാർ രേഖകൾ വെളിപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഈ നീക്കം പാലസ്തീൻ ഭൂമി ഇസ്രായേൽ അനധികൃതമായി കൈവശപ്പെടുത്തുന്നതിൻ്റെ ഏറ്റവും പുതിയ സംഭവമാണെന്നാണ് അൽ ജസീറ റിപ്പോര്‍ട്ടിൽ പറയുന്നത്. ഇസ്രായേൽ സൈന്യത്തിൻ്റെ പിന്തുണയോടെയുള്ള കുടിയേറ്റക്കാരുടെ അനിയന്ത്രിതമായ അക്രമങ്ങളെ നേരിടാൻ അന്താരാഷ്ട്ര സമ്മർദ്ദം നേരിടുന്നതിനിടെയാണ് ഈ നീക്കം.
സെബാസ്റ്റിയ: ചരിത്രഭൂമി പിടിച്ചെടുക്കുന്നു
റോമൻ കാലഘട്ടത്തിലെ ഒരു പ്രധാന പുരാവസ്തു കേന്ദ്രമായ സെബാസ്റ്റിയയുടെ വലിയൊരു ഭാഗം പിടിച്ചെടുക്കാൻ ഉദ്ദേശിക്കുന്നതായി ഇസ്രായേൽ സിവിൽ അഡ്മിനിസ്ട്രേഷൻ പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. സമാധാന നിരീക്ഷണ സംഘടനയായ പീസ് നൗവിൻ്റെ കണക്കനുസരിച്ച്, ഏകദേശം 1,800 ഡ്യൂണങ്ങൾ (180 ഹെക്ടർ അഥവാ 450 ഏക്കർ) ഭൂമിയാണ് പിടിച്ചെടുക്കുന്നത്. ഇതോടെ പുരാവസ്തു പ്രാധാന്യമുള്ള ഭൂമി ഇസ്രായേൽ പിടിച്ചെടുക്കുന്നതിൽ വെച്ച് ഏറ്റവും വലുതായിരിക്കും ഇത്.
സെബാസ്റ്റിയയിലെ ഈ സ്വകാര്യ ഭൂമി പിടിച്ചെടുക്കുന്നതിലൂടെ പുരാവസ്തു കേന്ദ്രം വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈജിപ്തിൻ്റെ പുരാതന രാജ്യമായ സമരിയയുടെ തലസ്ഥാനം സെബാസ്റ്റിയയുടെ അവശിഷ്ടങ്ങൾക്കടിയിലാണെന്നും, സ്നാപക യോഹന്നാനെ അടക്കം ചെയ്തത് ഇവിടെയാണെന്നും വിശ്വസിക്കുന്നു. ഈ സ്ഥലം ഒരു വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ ഇസ്രായേൽ 2023-ൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. വികസനത്തിനായി 30 ദശലക്ഷം ഷെക്കലിലധികം (9.24 മില്യൺ ഡോളർ) അനുവദിക്കുകയും ചെയ്തു. ഈ തീരുമാനത്തിനെതിരെ പാലസ്തീൻ നിവാസികൾക്ക് പ്രതികരണം അറിയിക്കാൻ വെറും 14 ദിവസത്തെ സമയപരിധിയാണ് നൽകിയിരിക്കുന്നത്.


