
ദോഹ: ഖത്തറിൽ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ദോഹ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. 12 വർഷത്തോളമായി ഖത്തറിലെ പ്രധാന വാർഷിക ചലച്ചിത്ര മേളയായ അജിയാൽ ഫിലിം ഫെസ്റ്റിവൽ, ഈ വർഷം മുതൽ ‘ദോഹ ഫിലിം ഫെസ്റ്റിവൽ(ഡി.എഫ്.എഫ്)’ ആയാണ് സംഘടിപ്പിക്കുന്നത്. കൂടുതൽ അന്താരാഷ്ട്ര സിനിമകളെ ഉൾക്കൊള്ളിച്ചാണ് ദോഹ ഫിലിം ഫെസ്റ്റിവൽ എത്തുന്നത്.
62 രാജ്യങ്ങളിൽ നിന്നുള്ള 97 സിനിമകളുമായി പ്രഥമ ദോഹ ഫിലിം ഫെസ്റ്റിവൽ നവംബർ 28 വരെ നീണ്ടുനിൽക്കും. നാല് പ്രധാന മത്സര വിഭാഗങ്ങളിലായി നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ ആകെ മൂന്ന് ലക്ഷം യു.എസ് ഡോളറിലധികം സമ്മാനത്തുകയാണ് (10.90 ലക്ഷം റിയാൽ) വിജയികൾക്ക് ലഭിക്കുക.
മികച്ച ഫീച്ചർ സിനിമക്ക് 75,000 ഡോളർ, മികച്ച ഡോക്യുമെന്ററി (50,000 ഡോളർ), ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് (45,000 ഡോളർ), അഭിനയ മികവ് (15,000) എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി പുരസ്കാരം സമ്മാനിക്കും. കൗതർ ബെൻ ഹാനിയയുടെ ‘ദി വോയ്സ് ഓഫ് ഹിന്ദ് റജബ്’ എന്ന സിനിമയുടെ പ്രദർശനത്തോടെയാണ് ഫെസ്റ്റിവൽ ആരംഭിക്കുക. അർജന്റീന, ചിലി കൾചറൽ എക്സ്ചേഞ്ചിന്റെ ഭാഗമായി ധാരാളം സിനിമകളും കലാപരിപാടികളും ദോഹ ഫിലിം ഫെസ്റ്റിവലിൽ ഒരുക്കുന്നുണ്ട്.


