
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി രാഹുൽ മാങ്കൂട്ടത്തില്‍ പ്രചരണം നടത്തുന്നതിൽ തെറ്റില്ലെന്ന് വി കെ ശ്രീകണ്ഠൻ. രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ല. സസ്പെൻ്റ് ചെയ്യുക മാത്രമാണ് ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും യുഡിഎഫ് എംഎല്‍എയാണ്. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയുടെ ഔദോഗിക പാർട്ടി ചർച്ചകളിൽ പങ്കെടുക്കാറില്ല. യുഡിഎഫ് സ്ഥാനാർഥികൾക്കായി രാഹുൽ മാങ്കൂട്ടത്തില്‍ പ്രചരണം നടത്തുന്നതിൽ തെറ്റില്ലെന്നും വി കെ ശ്രീകണ്ഠൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലൈംഗിക ആരോപണത്തെ തുടർന്ന് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്തിൽ നിന്നും പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് വേദിയിൽ എത്തിയത് വിവാദമായിരുന്നു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപന വേദിയിലാണ് രാഹുൽ മാങ്കൂട്ടത്തിലെത്തിയത്. പാലക്കാട് കണ്ണാടി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപന വേദിയിലാണ് രാഹുൽ പങ്കെടുത്തത്. നേരത്തെ കണ്ണാടിയിൽ സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ രാഹുൽ പങ്കെടുത്തിരുന്നു. കണ്ണാടി മണ്ഡലം പ്രസിഡൻ്റ് പ്രസാദ് കണ്ണാടി ഉൾപ്പെടെ നേതാക്കൾ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
സംസ്ഥാനത്ത് രാഷ്ട്രീയ കരുനീക്കങ്ങള്‍ സജീവം
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് രാഷ്ട്രീയ കരുനീക്കങ്ങള്‍ സജീവം. പാലക്കാട് ബിജെപി തഴഞ്ഞ പ്രമീള ശശിധരനേയും പ്രിയ അജയനേയും കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് വി കെ ശ്രീകണ്ഠന് എംപി. തെരഞ്ഞെടുപ്പ് പോരാട്ടം കടുക്കുന്നതിനിടെ മുന്നണികളിലും നേതാക്കളിലും അതൃപ്തിയും അസ്വാരസ്യവും പരസ്യമാകുകയാണ്. സീറ്റ് നിഷേധിച്ചതോടെ പാലക്കാട് ബിജെപിയുമായ ഇടഞ്ഞ നഗരസഭാധ്യക്ഷ പ്രമീള ശശിധരനേയും കൗണ്‍സിലര്‍ പ്രിയ അജയനെയും ക്ഷണിച്ചുകൊണ്ടാണ് കോൺഗ്രസിന്റെ തന്ത്രപരമായ നീക്കം. പ്രമീള ശശിധരനെ പിന്തുണച്ച് സ്ഥിരം സമിതി അധ്യക്ഷനും ബിജെപി സ്ഥാനാർത്ഥിയുമായ പി.സ്മിതേഷ് രംഗത്തെത്തി.


