
കണ്ണൂര്‍: മുന്‍ കെപിസിസി അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരന് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. വേങ്ങാട് ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മമ്പറം ദിവാകരന് മത്സരിക്കുന്നത്. 2016 ല്‍ ധര്‍മ്മടം നിയമസഭ മണ്ഡലത്തില്‍ പിണറായി വിജയനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നേതാവാണ് മമ്പറം ദിവാകരന്.
കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്നു മമ്പറം മത്സരിക്കുന്ന പതിനഞ്ചാം വാര്‍ഡ്. അന്ന് സിപിഎം സ്ഥാനാര്‍ത്ഥിയാണ് ജയിച്ചത്. ഇക്കുറി സീറ്റ് പിടിച്ചെടുക്കുകയും സിപിഎം ഭരിക്കുന്ന വേങ്ങാട് പഞ്ചായത്തില്‍ പ്രവര്‍ത്തകരില്‍ ആവേശം പകരുകയും ലക്ഷ്യമിട്ടാണ് മുതിര്‍ന്ന നേതാവായ മമ്പറം ദിവാകരനെ കോണ്‍ഗ്രസ് കളത്തിലിറക്കിയത്. തന്റെ വീടു നില്‍ക്കുന്നതിന്റെ പരിസരത്തെ വാര്‍ഡിലാണ് മമ്പറം ദിവാകരന് മത്സരിക്കുന്നത്.
സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് വേങ്ങാട് ഗ്രാമ പഞ്ചായത്ത്. മമ്പറം ദിവാകരന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎം കോട്ടയായ വേങ്ങാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. നേരത്തെ വേങ്ങാട് ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്ത് അംഗമായി മമ്പറം ദിവാകരന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്, കെ സുധാകരന് എം.പി മുന്‍ മന്ത്രി എ കെ ബാലന് തുടങ്ങിയവരുടെ സമകാലീനനായി തലശേരി ബ്രണ്ണന്‍ കോളേജില്‍ പഠിച്ച വിദ്യാര്‍ത്ഥി യൂണിയന് നേതാവായിരുന്നു മമ്പറം ദിവാകരന്.
ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമ്പറം ദിവാകരനെതിരെ കോണ്‍ഗ്രസ് നേരത്തെ അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. പിന്നീട് അന്നത്തെ കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരനുമായുള്ള തര്‍ക്കം ഒത്തുതീരുകയും മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുകയുമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ. സുധാകരനെതിരെ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വിമതനായി മത്സരിക്കുമെന്ന് മമ്പറം ദിവാകരന് ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നത്.


