
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രതിരോധത്തിലായ സിപിഎം അറസ്റ്റിലായ എ പത്മകുമാറിനെതിരെ കടുത്ത നടപടി എടുക്കാന്‍ സാധ്യത. നിലവില്‍ പാര്‍ട്ടി നേതൃത്വുമായി ഇടഞ്ഞുനില്‍ക്കുന്ന പത്മകുമാറിനെ പുറത്താക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ച് മുഖം രക്ഷിക്കാനാകും ശ്രമിക്കുക. ഇക്കാര്യം ഇന്നുചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയായേക്കും. തദ്ദേശതെരഞ്ഞെടുപ്പ് വേളയില്‍ എന്‍ വാസുവിന് പിന്നാലെ പത്മകുമാറും അറസ്റ്റിലായതോടെ സിപിഎം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ശബരിമലയില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ ഇടപെടലുകളില്‍ ദേവസ്വം പ്രസിഡന്റായിരുന്ന പത്മകുമാറിനും ഭരണസമിതിക്കും വീഴ്ചയുണ്ടായെന്നാണ് പൊതുവെ പാര്‍ട്ടിയുടെ വിലയിരുത്തല്‍.
കേസില്‍ എട്ടാം പ്രതിയായ അന്നത്തെ ദേവസ്വം ബോര്‍ഡിന്റെ പ്രസിന്റ് ആയിരുന്ന പത്മകുമാര്‍ നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായപ്പോള്‍ ജില്ലയിലെ നേതാക്കളില്‍ പ്രമുഖനുമായിരുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018ല്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ അത് നടപ്പാക്കുന്നതിനു ശ്രമിച്ച സര്‍ക്കാരിനെ പത്മകുമാര്‍ പ്രതിരോധത്തിലാക്കിയിരുന്നു. തന്റെ കുടുംബത്തില്‍ നിന്ന് ഒരു സ്ത്രീയും ശബരിമല ചവിട്ടില്ലെന്ന പത്മകുമാറിന്റെ പരസ്യപ്രസ്താവന മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും വെട്ടിലാക്കി. ഇതോടെ പാര്‍ട്ടി നേതൃത്വവുമായി പത്മകുമാറിന്റെ അകല്‍ച്ച തുടങ്ങിയെന്നും പറയാം.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കാലാവധി പൂര്‍ത്തിയായ ശേഷം പാര്‍ട്ടി പ്രധാന പദവികള്‍ ഒന്നും പത്മകുമാറിന് നല്‍കിയിരുന്നില്ല. ജില്ലയിലെ മുതിര്‍ന്ന നേതാവായ പത്മകുമാറിന്റെ സ്ഥാനം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്ന നിലയില്‍ മാത്രമായി. പാര്‍ട്ടിയില്‍ തന്നെക്കാള്‍ ജൂനിയറായ മന്ത്രി വീണാ ജോര്‍ജിനെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതില്‍ പത്മകുമാര്‍ വീണ്ടും അതൃപ്തി പരസ്യമാക്കി. പാര്‍ട്ടിയുടെ ഉന്നതസമിതിയില്‍ ആളുകളെ കൊണ്ടുവരുമ്പോള്‍ പരിഗണിക്കേണ്ടത് സംഘടനാ പരിചയമായിരിക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പത്മകുമാറിന്റെ പരസ്യപ്രതികരണം പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ സിപിഎം സംസ്ഥാനസമിതി അദ്ദേഹത്തെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കി.
വിദ്യാര്‍ഥിയായിരിക്കെ തന്നെ രാഷ്ട്രീയ ജീവിതം ആരംഭിച്ച പത്മകുമാര്‍ ചെറുപ്രായത്തില്‍ തന്നെ സിപിഎം ഏരിയാ സെക്രട്ടറിയായി. പാര്‍ട്ടി യുവജനവിഭാഗമായ ഡിവൈഎഫ്ഐയുടെ സംസ്ഥാന ഭാരവാഹിയായും പത്തനംതിട്ട ജില്ലാ രൂപീകരണം മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. 1991 മുതല്‍ 96 വരെ ആറന്മുള മണ്ഡലത്തില്‍ നിന്ന് സിപിഎം പ്രതിനിധിയായി തെരഞ്ഞടുക്കപ്പെട്ടു.


