
തിരുവനന്തപുരം: കാട്ടാക്കടയിൽ നിന്നും ലക്ഷങ്ങൾ വില വരുന്ന ബ്രൗൺഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. 93 ഗ്രാം ബ്രൗൺ ഷുഗറും 23 ഗ്രാം കഞ്ചാവുമാണ് ഇയാളിൽ നിന്നും പിടികൂടിയത്. പശ്വിമ ബംഗാൾ സ്വദേശി സാദിഖ് റഹ്മത്തുള്ള (24 ) ആണ് പിടിയിലായത്. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ബ്രൗൺഷുഗർ ചില്ലറ വില്പനയ്ക്ക് കൊണ്ടുവന്നതെന്ന് എക്സൈസ് നിഗമനം. 4 ലക്ഷം രൂപയോളം വിലവരുന്ന ബ്രൗൺഷുഗർ ഇയാളിൽ നിന്നും പിടിച്ചെടുത്തു.
കാട്ടാക്കട ബസ് സ്റ്റാന്റിനടുത്ത് നിന്നുമാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. ജോലിക്ക് കേരളത്തിലേക്കെത്തുന്നവർക്കൊപ്പമാണ് എത്തിയത്. പശ്ചിമ ബംഗാളിൽ നിന്നും മറ്റൊരാൾക്ക് കൈമാറാനായി തിരുവനന്തപുരത്ത് എത്തിച്ചതായാണെന്നാണ് ഇയാൾ എക്സൈസിനോട് പറഞ്ഞത്. മയക്കുമരുന്നുമായി നേരത്തെ കൊല്ലത്തും ഇയാൾ എത്തിയിട്ടുണ്ട്. ബ്രൗൺ ഷുഗറുമായി കഴിഞ്ഞ മാസങ്ങളിൽ അറസ്റ്റിലായവരിൽ നിന്നുമാണ് ഇയാളെ കുറിച്ച് സൂചന ലഭിച്ചിരുന്നത്. ഇത് കണക്കിലെടുത്ത് എക്സൈസ് സംഘം പരിശോധന വ്യാപകമായിക്കിയിരുന്നു.


