
വാഷിങ്ടൺ ഡിസി: മുൻ അമേരിക്കൻ വൈസ് പ്രസിഡന്റ് ഡിക് ചേനി (84) യുടെ സംസ്കാര ചടങ്ങ് ഇന്ന് വാഷിങ്ടൺ നാഷണൽ കത്തീഡ്രലിൽ നടക്കും. നവംബർ 3 ന് ന്യൂമോണിയയും ഹൃദ്രോഗവും കാരണം അന്തരിച്ച ചേനിയുടെ ചടങ്ങിൽ മുൻ പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു ബുഷ്, ബരാക്ക് ഒബാമ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല.
ട്രംപിന്റെ വിമർശകൻ
റിപ്പബ്ലിക്കൻ പാർട്ടി നേതാവായിരുന്ന ഡിക് ചേനിയുടെ ചടങ്ങിൽ ഇരുവർക്കും ക്ഷണമില്ലാത്തത് ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടം മുതൽ ഡിക് ചേനി, ട്രംപിന്റെ എതിർപക്ഷത്തായിരുന്നു. ട്രംപിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്ന ചേനി, തെരഞ്ഞെടുപ്പിൽ കമല ഹാരിസിനെ പരസ്യമായി പിന്തുണച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിലും ട്രംപിനെയും വാൻസിനെയും കുടുംബം ക്ഷണിക്കാത്തതെന്നാണ് വ്യക്തമാകുന്നത്.
ഒബാമക്കും ബുഷിനുമൊപ്പം അമേരിക്കയുടെ നാല് മുൻ വൈസ് പ്രസിഡന്റുമാർക്കും സംസ്കാര ചടങ്ങിലേക്ക് ക്ഷണമുണ്ട്. കമല ഹാരിസ്, മൈക്ക് പെൻസ്, ആൽ ഗോർ, ഡാൻ ക്വേൽ എന്നിവരും ചടങ്ങിൽ സംബന്ധിക്കുമെന്നാണ് വിവരം. ആയിരത്തോളം ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷും ഒബാമയും പ്രസംഗിക്കും. ചേനിയുടെ മകൾ ലിസ് ചേനി, കൊച്ചുമക്കൾ തുടങ്ങിയവരും ചടങ്ങിൽ സംസ്കാരിക്കും.
ഇറാഖ് യുദ്ധത്തിന്റെ ശില്‍പ്പി
ജോര്‍ജ്ജ് ബുഷ് അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് 2001 മുതല്‍ 2009 വരെ ചേനിയായിരുന്നു വൈസ് പ്രസിഡന്റ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തനായ വൈസ് പ്രസിഡന്റ് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. ഇറാഖ് യുദ്ധത്തിന്റെ ശിൽപ്പി എന്നും ചേനിയെ വിലയിരുത്തുന്നവരുണ്ട്. ഇറാഖ് യുദ്ധവും അധിനിവേശവും ഡിക് ചെനിയുടെ തലയിലുദിച്ച പദ്ധതിയായിരുന്നുവെന്നാണ് ചരിത്രത്തിലെ അടയാളപ്പെടുത്തൽ. 2001 സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായ അമേരിക്കയുടെ അഫ്ഗാന് അധിനിവേശത്തിലും ചേനിയുടെ കൈകൾക്ക് വലിയ പങ്കുണ്ട്.


