
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയിൽ മുൻ എംഎൽഎയും പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ പത്മകുമാറിൻ്റെ അറസ്റ്റോടെ സിപിഎം കടുത്ത പ്രതിരോധത്തിലായി. എ പത്മകുമാർ കുറ്റാരോപിതൻ മാത്രമാണെന്ന് സംസ്ഥാന സെക്രട്ടറി പറയുമ്പോഴും തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് വിശദീകരിക്കാൻ പാർട്ടി പാടുപെടും. പത്മകുമാറിൻ്റെ മൊഴികളും എസ്ഐടിയുടെ അടുത്ത നീക്കങ്ങളും സിപിഎമ്മിന് കൂടുതൽ കുരുക്കാകും.
എസ്ഐടി വലയിൽ ചെറിയ മീനല്ല, പതിറ്റാണ്ടുകളായി പത്തനംതിട്ട പാര്‍ട്ടിയുടെ മുഖമാണ് കുരുങ്ങിയത്. സംസ്ഥാന നേതൃ നിരയെടുത്താൽ ചെറുതല്ലാത്തൊരു സ്ഥാനമുണ്ട് അവിടെയും എ പത്മകുമാറിന്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തിരുന്ന് ശബരിമലയിൽ നടത്തിയ ക്രമക്കേടുകൾക്ക് തെളിവു നിരത്തി പ്രത്യേക അന്വേഷ സംഘം പത്മകുമാറിന്റെ അറസ്റ്റിലേക്ക് എത്തുമ്പോൾ അപ്രതീക്ഷിതമല്ലെങ്കിലും സിപിഎമ്മിനും സര്‍ക്കാരിനും ഉണ്ടാകുന്ന പ്രതിരോധം ചെറുതല്ല.
ദേവസ്വം ബോർഡിലെ പാർട്ടി നോമിനികളും പാർട്ടിക്കാരുമെല്ലാം അറസ്റ്റിലാകുമ്പോഴും പാർട്ടിയുടെ കൈകൾ ശുദ്ധമാണെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. പത്മകുമാറിന്റെ അറസ്റ്റ് പാർട്ടിക്ക് തിരിച്ചടിയല്ലെന്നും അത് ഉൾപ്പെടെ എല്ലാം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നാണ് എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, ഓരോ അറസ്റ്റിന് ശേഷവും അടുത്തതാരെന്ന അഭ്യൂഹം പാർട്ടിയെയും സർക്കാറിനെയും കുരുക്കുന്നു. സ്വർണക്കൊള്ളയുമായി ഒരു ബന്ധവുമില്ലെന്നും ഇതുസംബന്ധിച്ച ഒരു ഫയലും തന്റെ മുന്നിൽ വന്നിട്ടില്ലെന്നുമായിരുന്നു മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.


