
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പിണറായി വിജയന് അറിയാതെ ഈ സര്‍ക്കാരില്‍ ഒന്നും നടക്കില്ല. സ്വര്‍ണക്കൊള്ളയില്‍ ആസൂത്രിതമായ രാഷ്ട്രീയ ഗുഢാലോചന നടന്നിട്ടുണ്ടെന്നും ഇതിന് പിന്നില്‍ സിപിഎം നേതൃത്വമുണ്ടൈന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ദേവസ്വം മന്ത്രി രാജിവയ്ക്കുന്നതുവരെ ബിജെപി സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പത്മകുമാറിന്റെ അറസ്റ്റിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
അമ്പലത്തില്‍ നിന്നു സ്വര്‍ണം കട്ടവര്‍ എന്തെല്ലാം അഴിമതി നടത്തിയിട്ടുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. സര്‍ക്കാരിന് ബോര്‍ഡുകളെയും വിശ്വാസികളെയും സംരക്ഷിക്കാന്‍ പറ്റുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ ഏല്‍പ്പിക്കണം. ആ നിലപാട് കേന്ദ്രത്തെ അറിയിക്കാന്‍ താന്‍ തയ്യാറാണ്. ദേവസ്വം ഭരണം ഫെഡറല്‍ സംവിധാനത്തില്‍ കണ്‍കറന്റ് ലിസ്റ്റില്‍ പെടുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര എജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടണം. രാഷ്ട്രീയ ഗൂഢാലോചന ശബരിമല വിവാദത്തിന് പിന്നിലുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ ഉണ്ടായ സംഭവങ്ങള്‍ ഒരുകാലത്തും ഉണ്ടായിട്ടില്ല. കുടിവെള്ളവും ഭക്ഷണവും കിട്ടാതെ ഭക്തര്‍ നില്‍ക്കേണ്ടി വന്നു. വിവിധ സര്‍ക്കാരുകള്‍ ഭരിച്ചിട്ടുണ്ട്. അപ്പോഴൊന്നും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.


