
ദുബൈ: കനത്ത മൂടൽമഞ്ഞ് മൂലം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ മുതൽ വിമാന സർവീസുകൾ തടസ്സപ്പെട്ടതായി അധികൃതർ അറിയിച്ചു. മൂടൽമഞ്ഞ് കാരണം കാഴ്ചാപരിധി കുറഞ്ഞതോടെ, നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിടേണ്ടി വന്നു. 19 വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്.
കാഴ്ചാപരിധി കുറഞ്ഞതിനെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ മുതൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നുണ്ട്. പ്രാദേശിക സമയം രാവിലെ 9 മണി വരെ 19 ഇൻബൗണ്ട് വിമാനങ്ങൾ സമീപ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി ദുബൈ എയർപോർട്ട് അധികൃതരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രവർത്തനങ്ങൾ എത്രയും വേഗം സാധാരണ നിലയിലാക്കാനും യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാനും എയർലൈനുകൾ, കൺട്രോൾ അതോറിറ്റികൾ, മറ്റ് എയർപോർട്ട് പങ്കാളികൾ എന്നിവരുമായി ചേർന്ന് ദുബൈ എയർപോർട്ട്സ് പ്രവർത്തിക്കുന്നുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു.


