
ദുബായ്: ഏഷ്യാ കപ്പിനിടെയുണ്ടായ ഇന്ത്യ-പാകിസ്ഥാന് താരങ്ങളുടെ ഹസ്തദാന വിവാദത്തിന്റെ ചൂടാറും മുമ്പെ അബുദാബി ടി10 ലീഗില്‍ പാകിസ്ഥാന് ക്രിക്കറ്റ് താരം ഷാനവാസ് ദഹാനിക്ക് കൈ കൊടുത്ത് ഇന്ത്യൻ താരം ഹര്ഭജന് സിംഗ്. ഇന്നലെ അബുദാബി ടി10 ലീഗില്‍ നടന്ന ആസ്പിന്‍ സ്റ്റാലിയോണ്‍-നോര്‍ത്തേൺ വാരിയേഴ്സ് മത്സരത്തിനൊടുവിലാണ് ഹര്ഭജന് വാരിയേഴ്സ് പേസറായ ദഹാനിക്ക് കൈകൊടുത്തത്.
ഏഷ്യാ കപ്പിനിടെ ഇന്ത്യ-പാകിസ്ഥാന് മത്സരങ്ങളിലൊന്നിലും ഇന്ത്യൻ താരങ്ങള്‍ പാക് താരങ്ങളുമായി ഹസ്തദാനത്തിന് മുതിര്‍ന്നിരുന്നില്ല. പഹല്‍ഗാം ഭീകരാക്രമണത്തിലും അതിനുശേഷം നടന്ന അതിര്‍ത്തി സംഘര്‍ഷത്തിലും പ്രതിഷേധിച്ചായിരുന്നു അത്. പിന്നീട് ലണ്ടനില്‍ നടന്ന വേള്‍ഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജന്‍ഡ്സില്‍ പാകിസ്ഥാനെതിരെ കളിക്കില്ലെന്ന് ശിഖര്‍ ധവാനും സുരേഷ് റെയ്നയും പത്താന് സഹോദരരും ഹര്ഭജന് സിംഗുമെല്ലാം ശക്തമായ നിലപാടെടുത്തതിനെ തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാനെതിരായ സെമി ഫൈനല്‍ മത്സരം പോലും ബഹിഷ്കരിച്ചിരുന്നു.
എന്നാല്‍ ഇന്നലെ അബുദാബി ടി10 ലീഗില്‍ നോര്‍ത്തേൺ വാരിയേഴ്സിനോട് ആസ്പിന്‍ സ്റ്റാലിയോണ്‍ നാലു റണ്‍സിന്റെ നേരിയ തോല്‍വി വഴങ്ങിയശേഷം ഹര്ഭജന് പാക് പേസര്‍ക്ക് കൈ കൊടുക്കാന്‍ തയാറായി. മത്സരത്തില്‍ 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ദഹാനി തിളങ്ങിയിരുന്നു. മത്സരത്തിനൊടുവില്‍ സ്റ്റാലിയോൺ ക്യാപ്റ്റൻ കൂടിയായ ഹര്‍ഭജനടുത്തേക്ക് വന്നാണ് ദഹാനി കൈകൊടുത്തത്. ദഹാനിയോട് ഹര്ഭജന് കുറച്ചുനേരം സംസാരിക്കുകയും ചെയ്തു. എന്നാല്‍ പാക് താരത്തിന് ഹര്ഭജന് കൈ കൊടുത്തതിനും സൗഹൃദ സംഭാഷണം നടത്തിയതിനുമെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു.


