
ദക്ഷിണ കൊറിയയിലെ കോളേജ് സ്കോളാസ്റ്റിക് എബിലിറ്റി ടെസ്റ്റ് (CSAT) ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള സ്റ്റാൻഡേർഡ് ടെസ്റ്റുകളിൽ ഒന്നാണ്. ഈ വർഷം നവംബർ ആദ്യം നടന്ന പരീക്ഷയിൽ 550,000 -ത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. 12 മണിക്കൂർ നീണ്ടുനിൽക്കുന്ന പരീക്ഷയെ നേരിടാൻ വിദ്യാർത്ഥികൾ പലപ്പോഴും പാടുപെടാറാണ് പതിവ്. ഈ വിദ്യാർത്ഥിയുടെ കാര്യത്തിലും സംഭവിച്ചത് അതുതന്നെയാണ്, എന്നാൽ അവളുടെ അച്ഛൻ അതിനോട് എങ്ങനെ പ്രതികരിച്ചു എന്നതാണ് ഇപ്പോൾ കൊറിയയിൽ വലിയ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നത്. അദ്ദേഹം അവൾക്ക് ഒരു മെസ്സേജ് അയച്ചു, അതിന്റെയൊപ്പം അവളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു വലിയ അലവൻസും സമ്മാനമായി നൽകി.
‘താൻ പരീക്ഷയുമായി ബന്ധപ്പെട്ട് ആകെ ബുദ്ധിമുട്ടിലായിരുന്നു. അപ്പോൾ തന്റെ അച്ഛൻ അയച്ച സന്ദേശം നോക്കൂ’ എന്ന് പറഞ്ഞാണ് വിദ്യാർത്ഥിനി അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത് എന്ന് പ്രാദേശിക പ്രസിദ്ധീകരണമായ ദി ചോസുൻ ഡെയ്ലി റിപ്പോർട്ട് ചെയ്യുന്നു. ‘എന്റെ പ്രിയപ്പെട്ട മോളേ, മോശം ഫലങ്ങൾ കണ്ട് നീ നിരാശപ്പെടരുത്. ഞാൻ കഠിനാധ്വാനം ചെയ്യുന്നത് നിനക്കും നിന്റെ സഹോദരിക്കും വേണ്ടിയാണ്, ഞാനിപ്പോഴും കരുത്തനാണ്. എന്റെ രണ്ട് രാജകുമാരിമാർക്കും സുഖമായി ജീവിക്കാൻ ആവശ്യമായതെല്ലാം നൽകാൻ എനിക്ക് കഴിയും, അതിനാൽ അച്ഛനെ ആശ്രയിച്ച് മുന്നോട്ട് പോകുക. സിഎസ്ടി വീണ്ടും നേടണമെങ്കിൽ അത് ചെയ്യുക. യാത്ര ചെയ്യുക, കോളേജ് സ്കിപ്പ് ചെയ്യണമെങ്കിൽ അത് ചെയ്യുക, അല്ലെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന എന്തും ചെയ്യുക – എല്ലാം ശരിയായ കാര്യങ്ങൾ തന്നെയാണ്’ എന്നാണ് അച്ഛൻ കുറിച്ചിരിക്കുന്നത്.
ഒപ്പം മകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 5,000,000 കൊറിയൻ വോൺ കൂടി അദ്ദേഹം അയച്ചുനൽകി. ഏകദേശം 3 ലക്ഷം ഇന്ത്യൻ രൂപ വരും ഇത്. എന്തായാലും, പെൺകുട്ടിയുടെ പോസ്റ്റ് വൈറലായതോടെ ആരും കൊതിച്ചുപോകും ഇങ്ങനെ ഒരു അച്ഛനെ എന്നാണ് എല്ലാവരും പറയുന്നത്.


