
തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകത്തിന്റെ കത്ത്. കേരള ചീഫ് സെക്രട്ടറിക്കാണ് കർണാടക സർക്കാർ കത്തയച്ചിരിക്കുന്നത്. മതിയായ സുരക്ഷയും ഗതാഗത സൗകര്യവും ഉറപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് കർണാടകയിൽ നിന്ന് എത്തുന്നതെന്നും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും കത്തിൽ പറയുന്നു. കർണാടക ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്.
ശബരിമലയിൽ ദേവസ്വം ബോർഡ് ഒരു മുന്നൊരുക്കവും നടത്തിയിരുന്നില്ലെന്ന് അഖില ഭാരതീയ അയ്യപ്പ സേവ സംഘം
ശബരിമല തീർത്ഥാടനത്തിനു മുന്നോടിയായി ഒരു ഒരുക്കവും ദേവസ്വം ബോർഡ് നടത്തിയില്ലെന്ന് അഖില ഭാരതീയ അയ്യപ്പ സേവ സംഘം. നേരത്തെ ശബരിമലയിൽ അഖില കേരള അയ്യപ്പ സേവ സംഘം നാലായിരത്തോളം വോളണ്ടിയർമാരെ വെച്ച് കുടിവെള്ള വിതരണവും സൗജന്യ അന്നദാനവും മറ്റു സേവനങ്ങളും ഭംഗിയായി നടത്തിയിരുന്നു. എന്നാൽ, ദേവസ്വം ബോർഡ് കോടതിയെ സമീപിച്ചതിനെത്തുടർന്ന് രണ്ടു വർഷമായി ഇത് നിലച്ചിരിക്കുകയാണ്. അഴിമതിക്ക് കളമൊരുക്കാൻ വേണ്ടിയാണ് അയ്യപ്പ സേവ സംഘത്തെ അവിടെ നിന്നും ചില ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പുറത്താക്കാൻ കോടതിയെ സമീപിച്ചത്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് മുരാരി ബാബു ഉൾപ്പെടെയുള്ളവർ ആണെന്നും അവസരം നൽകിയാൽ ഭക്തർക്ക് എല്ലാ സേവനങ്ങളും സൗജന്യമായി ശബരിമലയിൽ ഒരുക്കുമെന്നും അഖില ഭാരതീയ അയ്യപ്പ സേവ സംഘം അറിയിച്ചു.


