
ന്യൂയോർക്ക്/വാഷിംഗ്ടൺ: 350 ശതമാനം തീരുവ ചുമത്തുമെന്ന് ഇരു രാജ്യങ്ങളെയും ഭീഷണിപ്പെടുത്തിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം പരിഹരിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഫോണിൽ വിളിച്ച് ഞങ്ങൾ യുദ്ധത്തിലേക്ക് കടക്കുന്നില്ല എന്ന് പറഞ്ഞുവെന്നും ട്രംപിന്റെ അവകാശവാദം. ട്രംപിന്റെ ഇടപെടൽ വാദം തുടർച്ചയായി തള്ളുകയാണ് ഇന്ത്. എന്നാൽ പ്രശ്നപരിഹാരത്തിന് ഇടപെട്ടുവെന്ന് ആവർത്തിക്കുകയാണ് ട്രംപ്. തർക്കങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ മിടുക്കനാണ്. വർഷങ്ങളായി അത് ചെയ്യുന്നുണ്ട്. ഇന്ത്യ, പാകിസ്ഥാൻ സംഘർഷങ്ങളിലെല്ലാം ഇത് സഹായിച്ചിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഈ യുദ്ധങ്ങളെല്ലാം പരിഹരിക്കാൻ ഞാൻ താരിഫുകളെയാണ് മുന്നിൽ നിർത്തിയത്. എല്ലാം അല്ല. എട്ടിൽ അഞ്ചെണ്ണം അങ്ങനെ തീർന്നു. സാമ്പത്തികം, വ്യാപാരം, താരിഫ് എന്നിവ കാരണം തീർത്തു. ഇനി, മറ്റൊരു പ്രസിഡന്റും അങ്ങനെ ചെയ്യാൻ സാധ്യതയില്ലെന്നും ട്രംപ് പറഞ്ഞു. നിരവധി യുദ്ധങ്ങളിൽ നിന്ന് ദശലക്ഷക്കണക്കിന് ആളുകളെ ഞാൻ രക്ഷിച്ചത് ഇങ്ങനെയാണെന്നും ട്രംപ് പറഞ്ഞു. ഓവൽ ഓഫീസിൽ സൗദി കിരീടാവകാശിയുമായി നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപിന്റെ അവകാശവാദം.


