
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അരയും തലയും മുറുക്കി രാഷ്ട്രീയ പാർട്ടികളെല്ലാം അങ്കക്കളരിയിലിറങ്ങി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണികൾക്ക് തങ്ങളുടെ ജനപിന്തുണ തെളിയിക്കാനുള്ള സെമിഫൈനൽ പോരാട്ടമാണ് സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. പാർട്ടികൾക്ക് മുൻകാലങ്ങളിൽ വിമതരായിരുന്നു വെല്ലുവിളി. ഇപ്പോഴിതാ വിമതർ കൂറുമാറുന്നതും ഒരു പതിവായിരിക്കുകയാണ്. പ്രധാനമായും ആഗ്രഹിച്ച സീറ്റ് ലഭിക്കാതെ വരുമ്പോഴാണ് തൊട്ടടുത്ത വഴി പലരും തെരഞ്ഞെടുക്കുന്നത്. എങ്കിലും നേതൃത്വത്തിൽ നിന്നുണ്ടാകുന്ന അവഗണനയും ഏകാധിപത്യവും വിശ്വാസ വഞ്ചനയുമടക്കം പല കാരണങ്ങളും ഇവർ ചൂണ്ടിക്കാട്ടാറുണ്ട്. ഇത്തവണയും സംസ്ഥാനത്ത് കൂറുമാറ്റം ശക്തമാണ്.
സംസ്ഥാനത്തെ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിനിടെ നടന്ന ഏറ്റവും പ്രധാനപ്പെട്ട ചുവടുമാറ്റം പത്തനംതിട്ടയിലാണ്. ജില്ലാ പഞ്ചായത്തംഗമായിരുന്ന സിപിഐ നേതാവ് ശ്രീനാദേവി കുഞ്ഞമ്മയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നത്. ഇതേ ജില്ലയിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ബിജെപിയിൽ ചേർന്നതും പ്രധാന ചുവടുമാറ്റമാണ്. പന്തളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഹരിയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ച ഭാര്യയും ഇത്തവണ ബിജെപിയിൽ അംഗത്വമെടുത്തു. യുവമോർച്ചയുടെ ജില്ലാ പ്രസിഡൻ്റ് ശ്യാം തട്ടയിൽ ബിജെപി വിട്ട് സിപിഎമ്മിൽ എത്തിയതിന് പിന്നാലെയാണ് ഹരിയും ഭാര്യയും ബിജെപിയിലെത്തിയത്. പത്തനംതിട്ടയിലെ കുറ്റൂരിൽ മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് പ്രസന്ന എം ജി പാർട്ടി വിട്ട് കോൺഗ്രസിലേക്കാണ് പോയത്. സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പത്തനംതിട്ടയിലെ മുൻ ഓഫീസ് സെക്രട്ടറിയും സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ തോമസ് പി ചാക്കോ പാർട്ടി വിട്ട് ആർഎസ്പി സ്ഥാനാർത്ഥിയായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
കോഴിക്കോട്, തൃശ്ശൂർ, കൊച്ചി കോർപറേഷനുകളിലാണ് മറ്റ് പ്രധാനപ്പെട്ട നീക്കങ്ങൾ കണ്ടത്. കോഴിക്കോട് കോർപറേഷനിലെ നടക്കാവിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലർ അൽഫോൺസ ആം ആദ്മി പാർട്ടിയിലാണ് അംഗത്വമെടുത്തത്. കൊച്ചി കോർപറേഷനിലെ യുഡിഎഫ് കൗൺസിലർ സുനിത ഡിക്സണും തൃശ്ശൂർ കോർപറേഷനിലെ എൽഡിഎഫ് കൗൺസിലർ ഷീബ ബാബുവും ബിജെപിയിലേക്കാണ് ചേക്കേറിയത്. കോൺഗ്രസ് വിട്ട് ആർഎസ്പിയിലെത്തിയ ശേഷമാണ് സുനിത ബിജെപിയിലേക്ക് പോയതെങ്കിൽ ജെഡിഎസ് സീറ്റ് നിഷേധിച്ചതോടെയാണ് ഷീബ ബാബു ബിജെപിയിലെത്തിയത്.
തൃശ്ശൂർ പുതുക്കാട് കോണ്ഗ്രസ് ബ്ലോക്ക് ജനറല് സെക്രട്ടറിയായിരുന്ന തോബി തോട്ടിയാനും ഭാര്യ ടീനയും കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നിരുന്നു. കണ്ണൂർ പാനൂരിൽ മുസ്ലിം ലീഗ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് മുനിസിപ്പൽ കമ്മിറ്റി അംഗമായ ഉമർ ഫാറൂഖും ബിജെപിയിൽ ചേർന്നു. ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തിൽ ആകൃഷ്ടനായെന്നാണ് ഇദ്ദേഹം കാരണം പറഞ്ഞത്. കോഴിക്കോട് അഴിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിൽ (കോൺഗ്രസ്) ഇത്തവണ പാർട്ടി സീറ്റ് നൽകാതിരുന്നതിനെ തുടർന്നാണ് ബിജെപിയിൽ ചേർന്നത്. പഞ്ചായത്തിലെ കോൺഗ്രസ് അംഗമായ മഹിജ തോട്ടത്തിലും ഇദ്ദേഹത്തോടൊപ്പം ബിജെപി അംഗത്വമെടുത്തു. ഇത്തവണ രണ്ട് പേർക്കും കോൺഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു.
നീണ്ട 17 വർഷം സിപിഎം തുറവൂർ പഞ്ചായത്തംഗമായിരുന്ന സിപിഎം മുൻ ലോക്കൽ സെക്രട്ടറി പി അരവിന്ദൻ പാർട്ടി വിട്ട് ബിജെപി സ്ഥാനാർത്ഥിയായി. തുറവൂർ പഞ്ചായത്ത് 14-ാം വാർഡിലാണ് ഇദ്ദേഹം ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്. മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരെയോടുള്ള പ്രതിഷേധമാണ് ബിജെപിയിൽ ചേരാനുള്ള കാരണമായി തൃശ്ശൂർ അടാട്ട് പഞ്ചായത്തിലെ കോൺഗ്രസ് നേതാവ് ഹരീഷ് ചൂണ്ടിക്കാട്ടിയത്. തൃശ്ശൂർ ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സുജീഷ കള്ളിയത്തും ബിജെപിയിലേക്കാണ് പോയത്.


