
മനാമ: ബഹ്റൈനില്‍ ഹെല്‍ത്ത് ക്ലബ്ബുകളും സ്പാകളും 4, 5 സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു.
പാര്‍ലമെന്റിന്റെ പബ്ലിക് യൂട്ടിലിറ്റീസ് ആന്റ് എന്‍വയോണ്‍മെന്റ് അഫയേഴ്സ് കമ്മിറ്റി വൈസ് ചെയര്മാന് മുഹമ്മദ് ജനാഹിയുടെ നേതൃത്വത്തില്‍ സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലമടക്കം 5 എം.പിമാര്‍ ചേര്‍ന്നാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ കൊണ്ടുവന്നത്.
കാപ്പിറ്റല്‍ ഗവര്‍ണറേറ്റിലടക്കം പലയിടങ്ങളിലും ഹെല്‍ത്ത് ക്ലബ്ബുകളും സ്പാകളും പെരുകുന്നുണ്ടെന്നും ഇത് രാജ്യത്തിന്റെ ടൂറിസം മേഖലയ്ക്കും നഗരജീവിതത്തിനും മോശപ്പെട്ട പ്രതിച്ഛായ ഉണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം കൊണ്ടുവന്നത്.
ഇത്തരം സ്ഥാപനങ്ങള്‍ വല്ലാതെ പെരുകിയിട്ടുണ്ടെന്നും ഇത് ഗതാഗതക്കുരുക്കും വാഹന പാര്‍ക്കിംഗിനുള്ള തടസ്സവും അതുവഴി പൊതുജനങ്ങള്‍ക്ക് പ്രയാസങ്ങളും സൃഷ്ടിക്കുന്നുണ്ടെന്ന് അഹമ്മദ് അല്‍മുസല്ലം പറഞ്ഞു.


