
ദില്ലി: ഇന്ത്യ ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റിൽപ്പെടുത്തിയ അൻമോൽ ബിഷ്ണോയിയെ എൻഐഎ ചോദ്യം ചെയ്യും. അമേരിക്ക നാടുകടത്തിയ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരനാണ് അൻമോൽ ബിഷ്ണോയ്. ഇയാളെ 11 ദിവസം എൻഐഎ കസ്റ്റഡിയിൽ ചോദ്യം ചെയ്യും. എൻഐഎ നടപടികളുമായി സഹകരിക്കുമെന്ന് അൻമോലിന്റെ അഭിഭാഷകൻ കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. എൻസിപി നേതാവ് ബാബാ സിദ്ധിഖിയുടെയും സിദ്ധു മൂസെവാലയുടെയും കൊലപാതക കേസിൽ നിർണായക വിവരങ്ങൾ ചോദ്യം ചെയ്യലിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദേശീയ അന്വേഷണ ഏജൻസി.
യുഎസിൽനിന്ന് നാടുകടത്തിയ അൻമോലിനെ പ്രത്യേക വിമാനത്തിലാണ് ദില്ലിയിലെത്തിച്ചത്. കുപ്രസിദ്ധ ഗുണ്ടാ നേതാവും ഇന്ത്യയിൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയുടെ സഹോദരനുമാണ് ഇയാൾ. 2022 മുതൽ അൻമോലിനെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ ഭീകരപട്ടികയിൾപ്പെടുത്തിയ കൊടും ക്രിമിനൽ ഗോൾഡി ബ്രാറുമായി ചേർന്നും അൻമോൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ഖലിസ്ഥാൻ സംഘടനകളുമായുള്ള ബന്ധവും തെളിഞ്ഞിരുന്നു. 2020 മുതൽ 2023 വരെ രാജ്യത്ത് ഭീകരവാദം പടർത്താൻ സംഘം ശ്രമിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ എന്സിപി നേതാവ് ബാബാ സിദ്ധിക്കിയുടെ കൊലക്കേസിലടക്കം മുഖ്യപ്രതിയാണ് ഇയാള്.
ബാബ സിദ്ദിഖിയെ 2024 ഒക്ടോബർ 12ന് മുംബൈയിലെ ബാന്ദ്ര ഈസ്റ്റിൽ സീഷന്റെ ഓഫീസ് കെട്ടിടത്തിന് പുറത്തുവെച്ചാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ നിരവധി ലോറൻസ് ബിഷ്ണോയ് സംഘാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്നാണ് അൻമോലിന്റെ പങ്ക് സംബന്ധിച്ച വിവരം ലഭിച്ചത്. ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്ക് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലും അൻമോൽ ബിഷ്ണോയ്ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് കടന്ന ഇയാളെ കഴിഞ്ഞ നവംബറിൽ യുഎസിൽവെച്ച് പിടികൂടുകയായിരുന്നു. അൻമോലിനെ ഇന്ത്യയിലെത്തിക്കുന്നതോടെ ബിഷ്ണോയ് സംഘത്തിന്റെ ആഗോള പ്രവർത്തനങ്ങളെക്കുറിച്ചുളള നിർണായക വിശദാംശങ്ങൾ തുറന്നുകാട്ടപ്പെടുമെന്നാണ് അന്വേഷണ ഏജൻസികൾ പ്രതീക്ഷിക്കുന്നത്.


