
മനാമ: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കേരളത്തിൽ വോട്ടർ പട്ടികയുടെ സ്റ്റാറ്റ്യൂട്ടറി ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) നടത്താനുള്ള നീക്കത്തിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻമാറണമെന്ന് ബഹ്റൈൻ പ്രതിഭ ആവശ്യപ്പെട്ടു. എസ്ഐആറിനെതിരായ വിവിധ ഹർജികളിൽ സുപ്രീം കോടതി ഇതുവരെ അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ലായെന്നും,എസ്ഐആർ വ്യായാമത്തിലൂടെ കേന്ദ്രം തെരെഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ പരോക്ഷമായി ദേശീയ പൗരത്വ രജിസ്റ്റർ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്.കേരളത്തിൽ ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ വിളിച്ചുചേർത്ത പാർട്ടികളുടെ യോഗത്തിൽ എസ്ഐആറിനെതിരെ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു.എന്നാൽ അതൊന്നും മുഖവിലക്കെടുക്കാത്ത സമീപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്നത്. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിൽ പ്രവാസികളുടെ പങ്ക് വിസ്മരിക്കാനാവാത്തതാണ്. നിലവിലെ സാഹചര്യത്തിൽ ജനാധിപത്യ പ്രക്രിയയിൽ നിന്നും പ്രവാസികൾ പുറന്തള്ളപ്പെടാനുള്ള സാധ്യത കൂടുതലാണ്.ഇത് ഒഴിവാക്കി മുഴുവൻ പ്രവാസികളെയും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കണമെന്നും, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെയെങ്കിലും എസ്ഐആർ നടപടികൾ നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സന്നദ്ധമാകണമെന്ന് ബഹ്റൈൻ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ, ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.


