
ഒരു പൊലീസുകാരൻ വെടിവച്ചു കൊന്ന നായയുടെ ഉടമയ്ക്ക് 500,000 ഡോളർ നഷ്ടപരിഹാരം നൽകാൻ സ്റ്റർജിയൻ നഗരത്തോട് ആവശ്യപ്പെട്ട് കോടതി. നഗരം അതിന്റെ ഉദ്യോഗസ്ഥരെ ശരിയായി പരിശീലിപ്പിക്കുന്നതിലും മേൽനോട്ടം വഹിക്കുന്നതിലും പരാജയപ്പെട്ടു എന്നു പറഞ്ഞുകൊണ്ടാണ് കേസ് ഫയൽ ചെയ്തിരുന്നത്. 2024 -ലാണ് ടെഡി എന്ന നായയെ ഒരു പൊലീസുകാരൻ വെടിവച്ചുകൊല്ലുന്നത്. ഇതിന്റെ വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ കടുത്ത രോഷം ഉയർന്നു. പൊലീസുകാരന്റെ ബോഡിക്യാമിൽ പകർത്തിയ വീഡിയോയിൽ, ഒരു വലിയ പുൽത്തകിടിയിൽ ഒരു നായ ചുറ്റിത്തിരിയുന്നത് കാണാം. പൊലീസുകാരൻ അതിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും അയാൾക്കതിന് കഴിഞ്ഞില്ല. പെട്ടെന്ന്, ഒരു വെടിശബ്ദം കേൾക്കുന്നു, പിന്നാലെ നായയുടെ നിലവിളിയും കേൾക്കാം ഇത്രയുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്.
നായയെ വെടിവയ്ക്കാൻ പൊലീസുകാരന് അവകാശമുണ്ടെന്നാണ് നഗരം വാദിച്ചത്. എന്നിരുന്നാലും, കൊല്ലപ്പെട്ട ടെഡിയെന്ന നായയുടെ ഉടമയായ നിക്കോളാസ് ഹണ്ടറുമായുള്ള കേസ് ഒത്തുതീർപ്പാക്കാൻ നഗരം സമ്മതിച്ചു. $500,000 (4,42,20,925 രൂപ) ഒത്തുതീർപ്പിൽ നിന്ന്, ഹണ്ടറിന് $282,500 (2,49,84,822) ലഭിക്കും, $217,500 (1,92,36,092) അദ്ദേഹത്തിന്റെ അഭിഭാഷകർക്ക് ലഭിക്കും.
ടെഡി ഒരു തെരുവ് നായയാണെന്ന് കരുതിയാണ് താൻ അങ്ങനെ ചെയ്തതെന്ന് നായയെ വെടിവച്ച മൈറോൺ വുഡ്സൺ എന്ന പൊലീസുകാരൻ അവകാശപ്പെട്ടു. അവിടെ അടുത്ത് താമസിക്കുന്ന ഒരാളാണ് നായയെ കണ്ടപ്പോൾ പൊലീസിനെ വിളിച്ചത്. പൊലീസ് നായയെ അതിന്റെ ഉടമയുടെ അടുത്ത് എത്തിക്കും എന്ന് കരുതിയാണ് പൊലീസിനെ വിളിച്ചത്. എന്നാൽ, അയാൾ നായയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ടെഡി എല്ലാവരോടും നന്നായി ഇണങ്ങുന്ന ഒരു പാവം നായയായിരുന്നു എന്ന് ഉടമ പറയുന്നു.


