
ദില്ലി: ദില്ലി സ്ഫോടനക്കേസിലെ പ്രതികളായ ഷഹീൻ ഷാഹിദും മുസമ്മിൽ ഷക്കീലും മാരുതി സുസുക്കി ബ്രെസ്സ വാങ്ങുന്നതിന്റെ ചിത്രം പുറത്ത്. സ്ഫോടകവസ്തുക്കൾ വഹിക്കാനും ബോംബുകൾ എത്തിക്കാനും തയാറാക്കിയ 32 കാറുകളിൽ ബ്രെസ്സയും ഉൾപ്പെട്ടിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. ഇതുവരെ ആകെ മൂന്ന് കാറുകൾ കണ്ടെടുത്തു. സെപ്റ്റംബർ 25 ന് പൂർണമായും പണമായി ഇടപാട് നടത്തിയാണ് സിഎൻജി വാഹനം വാങ്ങിയതെന്ന് കണ്ടെത്തി. പുൽവാമയിൽ നിന്നുള്ള 28 കാരനായ ഡോക്ടർ മുസമ്മിലിനൊപ്പം ഷാഹിദ് ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രവും പുറത്തുവന്നു. ഷഹീൻ എന്ന പേരിലാണ് ബ്രെസ്സ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നവംബർ 10 ന് ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച് 13 പേരുടെ മരണത്തിനിടയാക്കിയ ഹ്യുണ്ടായ് ഐ20 ഉൾപ്പെടെ മുപ്പത്തിരണ്ട് കാറുകൾ ഡിസംബർ 6 ന് ഒന്നിലധികം സ്ഥലങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് ഉപയോഗിക്കാനായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. അതേസമയം, ദില്ലി കാർ സ്ഫോടനത്തിലെ ചാവേർ ബോംബർ ഡോ. മുഹമ്മദ് ഉമർ നബിയുടെ പുതിയ വീഡിയോ ചൊവ്വാഴ്ച ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. ചാവേർ ബോംബിംഗ് എന്ന ആശയം തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് ഉമർ പറയുന്ന പറയുന്ന വീഡിയോയാണ് പുറത്തുവന്നത്.
ചാവേർ ബോംബിംഗിനെ ഇസ്ലാമിൽ രക്തസാക്ഷി പ്രവർത്തനം എന്നാണ് ഉമർ വിശേഷിപ്പിക്കുന്നത്. ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചത് ഡോ. നബിയാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. ഡോ. നബിയുടെ ഡിഎൻഎ സാമ്പിൾ അമ്മയുടെ ഡിഎൻഎയുമായി പൊരുത്തപ്പെടുന്നതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.


