
മദീന: ഇന്ത്യൻ തീർത്ഥാടകർ ഉൾപ്പെട്ട സൗദി ബസ് അപകടത്തിൽ മൃതദേഹങ്ങൾ തിരിച്ചറിയുന്ന നടപടി രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയായേക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മദീനയിൽ ക്യാംപ് ഓഫീസ് തുറന്നിട്ടുണ്ട്. മരണസംഖ്യ സംബന്ധിച്ച അന്തിമ കണക്കുകൾക്ക് ഔദ്യോഗിക സ്ഥിരീകരണത്തോടെയാണ് വ്യക്തത ലഭിക്കുക.
അന്തിമ മരണസംഖ്യ സംബന്ധിച്ച് പൊതുപ്രവർത്തകർ നൽകുന്ന വിവരം ഇങ്ങനെയാണ്. 45 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു. രണ്ട് വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും, യാത്രയിൽ നിന്ന് പിന്മാറിയbരുടെയും യാത്രാ മധ്യേ ഒപ്പം ചേർന്നവരുടെയും വിവരങ്ങൾ ചേർത്തുള്ള അന്തിമ സ്ഥിരീകരണമാണ് പ്രധാനം. ഇതിന് ഔദ്യോഗിക ഏജൻസികൾ സ്ഥിരീകരിച്ച് മരണസംഖ്യ സംബന്ധിച്ച കണക്കുകൾ പുറത്തു വരണം. മൃതദേഹങ്ങളിലെ തുടർനടപടികൾ ഉൾപ്പെടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മദീനയിലെ ഹജ്ജ് ഓഫീസിൽ ക്യാംപ് ഓഫീസ് തുറന്നിട്ടുണ്ട്. തെലങ്കാന സർക്കാരിന്റെ പ്രതിനിധികൾ മദീനയിൽ എത്തും.
നാട്ടിൽ നിന്നുള്ള രേഖകൾ ഉൾപ്പടെ അതിവേഗം പൂർത്തിയാക്കി എത്തിക്കുന്നുണ്ട്. ഫോറൻസിക് സാംപിളുകൾ ഇന്നലെ തന്നെ ശേഖരിച്ച് പരിശോധനക്ക് അയച്ചിരുന്നു. മൃതദേഹം തിരിച്ചറിയുന്ന നടപടി നാളെയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷമാകും ബാക്കി തീരുമാനങ്ങൾ ഉണ്ടാകുക.


