
ദുബൈ: യുഎഇയിലേക്ക് യാത്ര പോകാനൊരുങ്ങുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ. എൺപതിലധികം രാജ്യങ്ങളിലെ പൗരന്മാർക്ക് മുൻകൂട്ടി വിസയ്ക്ക് അപേക്ഷിക്കാതെ യുഎഇയിലേക്ക് പ്രവേശിക്കാം. വിസ ആവശ്യമുണ്ടോ ഇല്ലയോ എന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സന്ദർശകരെ സഹായിക്കുന്നതിനായി യുഎഇ വിദേശകാര്യ മന്ത്രാലയം പുതിയ ഓൺലൈൻ വിസ ചെക്ക് ടൂൾ പുറത്തിറക്കി. വിസ രഹിത പ്രവേശനം, വിസ ഓൺ അറൈവൽ, അല്ലെങ്കിൽ മുൻകൂട്ടി അപേക്ഷിക്കുന്ന ടൂറിസ്റ്റ് വിസ ഇവയിലേതാണ് നിങ്ങൾക്ക് വേണ്ടതെന്ന് വിശദമായി അറിയാം.
യുഎഇ വിസ
ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് വിസ ലഭ്യത ഓൺലൈനിൽ എളുപ്പത്തിൽ പരിശോധിക്കാനാകും.
- ഇതിനായി യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ (MOFA ) www.mofa.gov.ae/en/visa-exemptions-for-non-citizen എന്ന ഔദ്യോഗിക വിസ ഇളവ് പേജ് സന്ദര്‍ശിക്കുക.
- പേജ് താഴേക്ക് സ്ക്രോൾ ചെയ്ത് സെർച്ച് ബാർ ഉപയോഗിച്ചോ ഇന്ററാക്ടീവ് മാപ്പ് ഉപയോഗിച്ചോ നിങ്ങളുടെ രാജ്യം തിരഞ്ഞെടുക്കുക.
- വിസാ രഹിത പ്രവേശനം- എത്തിച്ചേരുന്നതിന് മുമ്പ് വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ല,
- വിസ വേണം- മുൻകൂട്ടി വിസയ്ക്ക് അപേക്ഷിക്കണം, ഈ രണ്ടെണ്ണത്തിൽ ഏതെങ്കിലുമൊരു ഓപ്ഷൻ കാണാനാകും.
യുഎഇ വിസ രഹിത പ്രവേശനം
നിങ്ങളുടെ രാജ്യത്തിന് വിസ രഹിത യാത്രയ്ക്കോ വിസ ഓൺ അറൈവലിനോ അർഹതയുണ്ടെങ്കിൽ, അനുവദിക്കപ്പെട്ട താമസ കാലയളവിലും വ്യത്യാസമുണ്ടാകും. എത്ര ദിവസം വരെ യുഎഇയിൽ താമസിക്കാമെന്നതും അറിയാനാകും.
30 ദിവസത്തെ വിസ ഓൺ അറൈവലും 90 ദിവസത്തെ വിസ ഓൺ അറൈവലുമാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ ഏത് താമസ കാലയളവാണ് അനുവദിക്കുന്നത് എന്നത് അതത് വ്യക്തികളുടെ ദേശീയതയെ ആശ്രയിച്ചിരിക്കും.
ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസ ഓൺ അറൈവൽ
സാധാരണ പാസ്പോർട്ടുള്ള ഇന്ത്യൻ പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും യുഎഇയുടെ എല്ലാ പ്രവേശന കവാടങ്ങളിലും വിസ ഓൺ അറൈവൽ ലഭിക്കാൻ ചില യോഗ്യതകൾ ഉണ്ടായിരിക്കണം;
- യുണൈറ്റഡ് സ്റ്റേറ്റ്സ് നൽകിയ സാധുവായ ടൂറിസ്റ്റ് വിസ, റെസിഡൻസ് പെർമിറ്റ്, അല്ലെങ്കിൽ ഗ്രീൻ കാർഡ് ഉണ്ടായിരിക്കുക.
- ഒരു യൂറോപ്യൻ യൂണിയൻ രാജ്യം അല്ലെങ്കിൽ യുണൈറ്റഡ് കിംഗ്ഡം നൽകിയ സാധുവായ ടൂറിസ്റ്റ് വിസയോ റെസിഡൻസ് പെർമിറ്റോ ഉണ്ടായിരിക്കുക.
- സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, അല്ലെങ്കിൽ കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള സാധുവായ വിസ, റെസിഡൻസ് പെർമിറ്റ്, അല്ലെങ്കിൽ ഗ്രീൻ കാർഡ് എന്നിവ ഉണ്ടായിരിക്കുക.
ടൂറിസ്റ്റ് വിസ
നിങ്ങളുടെ രാജ്യം വിസ ഒഴിവാക്കൽ പട്ടികയിൽ ഇല്ലെങ്കിൽ, നിങ്ങൾക്ക് യുഎഇ സന്ദര്‍ശിക്കുന്നതായി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബായ്, അല്ലെങ്കിൽ എയർ അറേബ്യ പോലുള്ള യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ വഴി അപേക്ഷിക്കാം. അല്ലെങ്കില്യുഎഇ ലൈസൻസുള്ള ട്രാവൽ ഏജൻസി വഴിയോ ടൂർ ഓപ്പറേറ്റർ വഴിയോ ബുക്ക് ചെയ്യാം. യുഎഇയിലെ ഒരു താമസക്കാരൻ സ്പോൺസർ ചെയ്യുകയുമാവാം. (കുടുംബാംഗം അല്ലെങ്കിൽ സുഹൃത്ത്).
അപേക്ഷാ രീതി, യാത്രാ ഉദ്ദേശ്യം എന്നിവ അനുസരിച്ച് ടൂറിസ്റ്റ് വിസകൾ സാധാരണയായി 14, 30, അല്ലെങ്കിൽ 90 ദിവസത്തേക്കാണ് ലഭ്യമാക്കുന്നത്.
ഔദ്യോഗിക വിവരങ്ങൾ
നിങ്ങളുടെ വിസാ ടൈപ്പ്, താമസ ദൈർഘ്യം, അപേക്ഷാ പ്രക്രിയ എന്നിവ സ്ഥിരീകരിക്കുന്നതിനായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ICP)- icp.gov.ae, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബൈ (GDRFA Dubai)- gdrfad.gov.ae, വിസിറ്റ് ദുബൈ – ഔദ്യോഗിക ടൂറിസം വെബ്സൈറ്റ്: visitdubai.com,വിസിറ്റ് അബുദാബി – ഔദ്യോഗിക ടൂറിസം വെബ്സൈറ്റ്: visitabudhabi.ae എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അതേസമയം ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമുമ്പ്, വിസ നിയമങ്ങളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ ഏറ്റവും പുതിയ എൻട്രി ആവശ്യകതകൾ എപ്പോഴും പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്.


