
ബെംഗളൂരുവിൽ ഒരു ഐടി പ്രൊഫഷണലിന് സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുക കേട്ട് അമ്പരന്നിരിക്കുകയാണ് ജനങ്ങൾ. 31.83 കോടി രൂപയാണ് ഐടി പ്രൊഫഷണലായ 57 -കാരിക്ക് നഷ്ടപ്പെട്ടത്. ഡിജിറ്റൽ അറസ്റ്റിലൂടെയാണ് മാസങ്ങളോളം തട്ടിപ്പുകാർ ഇവരെ പറ്റിച്ചത്. എന്നാൽ, കുറ്റകൃത്യത്തേക്കാളും ഇപ്പോൾ സോഷ്യൽ മീഡിയയെ കൂടുതൽ അമ്പരപ്പിക്കുന്നത്, നഷ്ടപ്പെട്ടത് 32 കോടി രൂപയാണ് എന്ന കാര്യമാണ്. ആരുടെ കയ്യിലാണ് ഒറ്റയടിക്ക് 32 കോടിയൊക്കെ എടുക്കാനുണ്ടാവുക എന്നാണ് ജനങ്ങൾ അമ്പരക്കുന്നത്. ഇന്ദിരാനഗറിൽ നിന്നുള്ളതാണ് തട്ടിപ്പിനിരയായ സ്ത്രീ. DHL എക്സിക്യൂട്ടീവുകളാണെന്നും CBI ഉദ്യോഗസ്ഥരാണെന്നുമൊക്കെ പറഞ്ഞാണ് തട്ടിപ്പുകാർ ആറ് മാസത്തോളം തുടർച്ചയായി സ്ത്രീയെ പറ്റിച്ച് കാശടിച്ചെടുത്തത്.
2024 സെപ്റ്റംബർ 15 -ന് മുംബൈയിൽ നിന്ന് നിങ്ങളുടെ പേരിലുള്ള ഒരു പാഴ്സൽ പിടിച്ചെടുത്തുവെന്നും അതിൽ പാസ്പോർട്ടുകൾ, ക്രെഡിറ്റ് കാർഡുകൾ, മയക്കുമരുന്ന് തുടങ്ങിയ അനധികൃത വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും പറഞ്ഞുകൊണ്ടാണ് സ്ത്രീക്ക് കോൾ വന്നത്. സ്ത്രീ സംശയം പ്രകടിപ്പിച്ചതോടെ ഒരു സിബിഐ ഓഫീസർക്ക് ഫോൺ നൽകാമെന്ന് പറഞ്ഞ് ഒരാൾക്ക് തട്ടിപ്പുകാർ ഫോൺ കൈമാറി. അതോടെ സ്ത്രീ അവർ പറയുന്നത് സത്യമാണ് എന്ന് വിശ്വസിക്കുകയായിരുന്നു. പൊലീസിനെയോ വക്കീലിനെയോ സമീപിക്കരുത്, അങ്ങനെ ചെയ്താൽ അത് തട്ടിപ്പുകാർ അറിയുമെന്നും അവർ നിങ്ങളുടെ വീട്ടുകാരെ ഉപദ്രവിക്കാൻ സാധ്യതയുണ്ട് എന്നും പറഞ്ഞ് തട്ടിപ്പുകാർ സ്ത്രീയെ ഭീഷണിപ്പെടുത്തുകയായിരുന്നു.


