
ഇന്ത്യയുടെ ഡിജിറ്റൽ ലോകത്ത് ഒരു പുതിയ മാറ്റം വന്നിരിക്കുകയാണ്. 18-നും 24-നും ഇടയിൽ പ്രായമുള്ള ‘ജെൻ സി’ യുവതലമുറയാണ് ഈ മാറ്റത്തിന് ചുക്കാൻ പിടിക്കുന്നത്. യുട്യൂബ് ഇന്ത്യയും സ്മിത്ത്ഗീഗറും ചേർന്ന് നടത്തിയ പുതിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ ജെൻ സികളിൽ 83% പേരും തങ്ങളെ കണ്ടന്റ് ക്രിയേറ്റർമാരായി കണക്കാക്കുന്നു. ഒരു നേരമ്പോക്ക് എന്നതിലുപരി, കണ്ടന്റ് ക്രിയേഷൻ ഇന്ന് ഒരു യഥാർത്ഥ കരിയർ ആയി മാറിയിരിക്കുന്നു. സർവേയിൽ പങ്കെടുത്ത 75% ജെൻ സികളും ഇതിനെ പ്രൊഫഷണൽ സാധ്യതയായി കാണുന്നു. ഇതിലൂടെ ലഭിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യം ഡിജിറ്റൽ ലോകത്തെ യുവശക്തിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. 55% ക്രിയേറ്റർമാർക്കും ഈ പ്ലാറ്റ്ഫോമുകൾ സാമ്പത്തികമായി സ്വയംപര്യാപ്തത നേടാൻ സഹായിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
ചെറിയ നഗരങ്ങളിലെ സ്ത്രീശക്തി
മെട്രോ നഗരങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഈ ഡിജിറ്റൽ തരംഗം ഇപ്പോൾ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും വ്യാപിച്ചു എന്നതാണ് റിപ്പോർട്ടിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ. മുംബൈ, ഡൽഹി പോലുള്ള വൻ നഗരങ്ങളെക്കാൾ ടിയർ-2, ടിയർ-3 നഗരങ്ങളിൽ നിന്നുള്ളവരാണ് ക്രിയേറ്റർമാരിൽ ഭൂരിഭാഗവും. ഇൻഡോർ, ജയ്പൂർ പോലുള്ള നഗരങ്ങളിൽ നിന്നുള്ള പ്രാദേശിക ശബ്ദങ്ങൾ ഇന്റർനെറ്റിലൂടെ ആഗോള ശ്രദ്ധ നേടുന്നുണ്ട്.
ഇതിൻ്റെ ഏറ്റവും തിളക്കമാർന്ന വിജയം നേടുന്നത് യുവതികളാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ യുട്യൂബിലെ വനിതാ കണ്ടന്റ് ക്രിയേറ്റർമാരുടെ എണ്ണത്തിൽ 40% വർധനവ് ഉണ്ടായി. ഫാഷൻ, ബ്യൂട്ടി എന്നിവയിൽ മാത്രം ഒതുങ്ങാതെ വിദ്യാഭ്യാസം, പാചകം, വ്ളോഗിംഗ് തുടങ്ങി വിവിധ വിഷയങ്ങളിലൂടെ സ്ത്രീകൾ മുന്നിലുണ്ട്.


