
ദില്ലി: ബീഹാർ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. നടന്നത് വോട്ടുകൊള്ളയെന്ന് കോണ്‍ഗ്രസ് വിലയിരുത്തി. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനുേ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഫലം കൃത്യമായി വിശകലനം ചെയ്യും. വലിയ തട്ടിപ്പുകൾ നടന്നു.അതീവ ഗുരുതരമായ സ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.ഇതിനെതിരെ ശക്തമായിട്ടുള്ള നിയമ നടപടികളും, തുടർനടപടികളും ഉണ്ടാവും.ഡാറ്റകൾ ശേഖരിച്ച് പരിശോധിക്കും.തേജസ്വി യാദവുമായി സംസാരിച്ചു.ബീഹാര്‍ ഫലം ഇന്ത്യാസഖ്യം ഒന്നിച്ച് വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ബീഹാറിലെ തോൽവിയിൽ കോൺഗ്രസിനുള്ളിലും ഇന്ത്യ സഖ്യത്തിലും അമർഷം പുകയുകയാണ്. രാഹുൽ ഗാന്ധിയുടെ തന്ത്രങ്ങൾ പാളി എന്നാണ് കോൺഗ്രസിലും പല നേതാക്കളും വിലയിരുത്തുന്നത്. ഇതിനിടെയാണ് വോട്ടുകൊള്ള ആരോപണത്തിൽ ഉറച്ചു നില്ക്കാൻ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ അദ്ധ്യക്ഷതയൽ നടന്ന യോഗം തീരുമാനിച്ചത്. എസ്ഐആറിനു ശേഷം വോട്ടർപട്ടികയിലെ ക്രമക്കേടിലൂടെ ബിജെപിയെ വിജയിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒത്താശ ചെയ്തു എന്നാണ് ആരോപണം. മല്ലികാർജ്ജുൻ ഖർഗെ തേജസ്വി യാദവിനോട് സംസാരിച്ചു. ബീഹാറിൽ മഹാസഖ്യ നേതാക്കൾ യോഗം ചേർന്ന് തോൽവി വിലയിരുത്തും. പാർലമെൻറ് സമ്മേളനത്തിനു മുമ്പ് ഇന്ത്യ സഖ്യ യോഗം വിളിച്ചു ചേർത്ത് ദേശീയ തലത്തിൽ എന്തു ചെയ്യാനാകും എന്ന് ആലോചിക്കും.


