
ഫരീദാബാദ്: ഡൽഹി ഭീകരാക്രമണ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരിൽ ഒരാളായ ഡോ. ഷഹീൻ ഷാഹിദ് ദുബായിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നെന്ന് അന്വേഷണ സംഘം. പാസ്പോർട്ടിനായി അപേക്ഷിച്ച ഇയാൾ, കൂട്ടാളികൾ പദ്ധതിക്ക് അന്തിമരൂപം നൽകുമ്പോൾ ദുബായിലേക്ക് കടക്കാൻ ഒരുങ്ങുകയായിരുന്നു . എന്നാൽ, ജമ്മു കശ്മീർ, സഹാറൻപൂർ, ഫരീദാബാദ് എന്നിവിടങ്ങളിലുണ്ടായ അറസ്റ്റുകളോടെ ഭീകര ബന്ധം പുറത്തുവരികയും ഷഹീൻ രക്ഷപ്പെടുന്നതിന് മുമ്പ് തന്നെ പോലീസ് ഇവരെ പിടികൂടുകയും ആയിരുന്നു.
നവംബർ മൂന്നിന് ഫരീദാബാദിൽ നിന്നുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ അൽ-ഫലാഹ് കാമ്പസിൽ എത്തി ഷഹീനിൻ്റെ ചിത്രവും എടുത്തു. ഒടുവിൽ നവംബർ 11-നാണ് ലഖ്നൗവിൽ വെച്ച് ഷഹീൻ അറസ്റ്റിലായത്. ഒക്ടോബർ 30 ന് ഷഹീൻ്റെ സഹപ്രവർത്തകനായ ഡോ. മുസമ്മിൽ അഹമ്മദ് ഗാനായി അറസ്റ്റിലായതിന് പിന്നാലെയാണ് ഷഹീനുമായുള്ള ബന്ധം പുറത്തുവന്നത്. മുസമ്മിൽ ഉപയോഗിച്ചിരുന്ന ഷഹീൻ്റെ സ്വിഫ്റ്റ് ഡിസയർ കാറിൽ നിന്നാണ് അസോൾട്ട് റൈഫിൾ കണ്ടെടുത്തത്. ഈ കാറാണ് മുസമ്മിൽ സ്ഫോടക വസ്തുക്കളുടെ ശേഖരം ഒരുക്കുന്നതിനായി ഉപയോഗിച്ചതെന്നാണ് സൂചന.
3,000 കിലോ സ്ഫോടക വസ്തുക്കളും വാഹനങ്ങളും
നവംബർ 9 ന് ഫരീദാബാദിൽ വാടകയ്ക്കെടുത്ത രണ്ട് സ്ഥലങ്ങളിൽ നിന്ന് പോലീസ് ഏകദേശം 3,000 കിലോഗ്രാം അമോണിയം നൈട്രേറ്റും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. അതേ ദിവസം തന്നെ ഷഹീൻ്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് ഡിസയറിൽ നിന്ന് ക്രിങ്കോവ് അസോൾട്ട് റൈഫിളും കണ്ടെത്തി. ഇതാണ് പോലീസിനെ ഷഹീനയിലേക്ക് നയിച്ചത്.


