
മനാമ: മുഹറഖ് ഗവര്‍ണറേറ്റില്‍ മഴക്കാലത്തുണ്ടാകാവുന്ന വെള്ളപ്പൊക്കവും മറ്റു കെടുതികളും നേരിടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.
മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പൊതുമരാമത്ത് മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേര്‍ന്ന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിലയിരുത്തി. ഗവര്‍ണറേറ്റില്‍ സ്ഥിരമായി മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകാറുള്ള 50 ഇടങ്ങളില്‍ 13 സ്ഥലത്ത് വെള്ളപ്പൊക്ക സാധ്യതകള്‍ പരിഹരിച്ചതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി.
ഗലാലിയിലെയും ഹിദ്ദിലെയും ജനവാസ മേഖലകള്‍ പോലെ വെള്ളപ്പൊക്കമുണ്ടാകാറുള്ള ഇടങ്ങളില്‍ നിര്‍ണായകമായ പരിഹാരനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ ആക്ടിംഗ് ചെയര്മാന് സാലിഹ് ബുഹാസ പറഞ്ഞു.


