
മനാമ: ബഹ്റൈനിലേക്ക് രണ്ടു സ്ത്രീകളെ കടത്തിക്കൊണ്ടുവന്ന് ലൈംഗികത്തൊഴിലിന് നിര്‍ബന്ധിച്ച കേസില്‍ ഏഷ്യക്കാരനായ നിശാ ക്ലബ് മാനേജര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി 3 വര്‍ഷം തടവും 2,000 ദിനാര്‍ പിഴയും വിധിച്ചു.
ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇയാളെ ബഹ്റൈനില്‍നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. കൂടാതെ രണ്ടു സ്ത്രീകളെയും നാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള ചെലവ് ഇയാളില്‍നിന്ന് ഈടാക്കുകയും ചെയ്യും.
നിശാ ക്ലബ്ബില്‍ നര്‍ത്തകിമാരായി ജോലി വാഗ്ദാനം ചെയ്താണ് ഇയാള്‍ രണ്ട് ഏഷ്യക്കാരികളെ ബഹ്റൈനിലേക്ക് കൊണ്ടുവന്നത്. ഇവിടെയെത്തിയ ഉടന്‍ അവരുടെ പാസ്പോര്‍ട്ട് പിടിച്ചുവെച്ചു. ഇടവേളകളില്ലാതെ ജോലി ചെയ്യിച്ചു.
ഇതിനുപുറമെ ഇവരെ ലൈംഗികത്തൊഴിലിനു നിര്‍ബന്ധിക്കുകയും ചെയ്തു. വിസമ്മതിച്ചപ്പോള്‍ നാട്ടിലേക്ക് പോകുന്നത് തടയുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. നിര്‍ബന്ധപൂര്‍വ്വം ഇവരെക്കൊണ്ട് ലൈംഗികത്തൊഴില്‍ ചെയ്യിക്കുകയും അങ്ങനെ കിട്ടിയ കാശ് കൈക്കലാക്കുകയും ചെയ്തു. ഇയാളുടെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട സ്ത്രീകള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.


